അനുമതിയില്ലാതെ സ്കൂളിൽ അതിക്രമിച്ചു കയറി; കോക്ക്റോച്ച് ജനതാ പാർട്ടി കൺവീനർ അഭിജിത് ദിപ്കെയ്ക്കെതിരെ കേസ്

by WhatsUp Mumbai

ലാത്തൂർ: അനുമതിയില്ലാതെ ജില്ലാ പരിഷത്ത് സ്കൂളിൽ അതിക്രമിച്ചു കയറുകയും ക്ലാസ് തടസ്സപ്പെടുത്തി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) കൺവീനർ അഭിജിത് ദിപ്കെയ്ക്കെതിരെ ലാത്തൂർ പൊലീസ് കേസെടുത്തു. ജില്ലാ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്റെ പരാതിയിൽ അഭിജിത് ദിപ്കെ, അജയ് ഷിൻഡെ, കണ്ടാലറിയാവുന്ന മറ്റ് അഞ്ചോളം പേർ എന്നിവർക്കെതിരെയാണ് ഔസ പൊലീസ് കേസെടുത്തത്.

ലാത്തൂരിലെ ഉർദ് ഔസയിലുള്ള സ്കൂളിൽ ഓഗസ്റ്റ് 20-നായിരുന്നു സംഭവം. സ്കൂളിൽ അനുമതിയില്ലാതെ കയറിയ സംഘം വിദ്യാർഥികൾക്കിടയിൽ ഇരിക്കുകയും അധ്യയനത്തെയും സർക്കാർ ജോലികളെയും കുറിച്ച് ചോദ്യം ചെയ്ത് തടസ്സം സൃഷ്ടിക്കുകയുമായിരുന്നു. ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഘം, മറ്റ് സ്കൂളിലെ കുട്ടികളെ നിർബന്ധിച്ച് ഇരുത്തിയാണ് ക്ലാസ് നടത്തുന്നതെന്ന രീതിയിൽ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നും പരാതിയിലുണ്ട്.

ചോദ്യം ചെയ്ത അധ്യാപകന് നേരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും സസ്പെൻഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ബി.എൻ.എസ് (BNS) വകുപ്പുകൾ പ്രകാരമാണ് കേസ്. ‘സ്കൂൾ ഠീക് കരോ’ പ്രചാരണത്തിന് നേതൃത്വം നൽകുന്ന വ്യക്തിയാണ് അഭിജിത് ദിപ്കെ.

You may also like