താനെ: യാത്രക്കാരുടെ പരാതികൾക്കും അമിതകൂലി ഈടാക്കലിനും തടയിടാൻ താനെയിൽ പ്രീ പെയ്ഡ് ഓട്ടോറിക്ഷാ സേവനം വരുന്നു. പദ്ധതിക്ക് മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ചയോടെ അംഗീകാരം നൽകുമെന്നും പ്രീ പെയ്ഡ് ഓട്ടോകൾ ഉടൻ സർവീസ് ആരംഭിക്കുമെന്നും പ്രാദേശിക എം.എൽ.എ സഞ്ജയ് കേൽക്കർ അറിയിച്ചു.
താനെ ഗവൺമെന്റ് റെസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രഖ്യാപനം. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാർക്ക് തുക മുൻകൂട്ടി അടച്ച് തർക്കങ്ങളില്ലാതെ യാത്ര ചെയ്യാം. സ്റ്റേഷൻ പരിസരത്തെ ഡ്രൈവർമാരുടെ മോശം പെരുമാറ്റവും പിടിവാശിയും തടയാൻ തിരക്കുള്ള സമയങ്ങളിൽ രണ്ട് ആർ.ടി.ഒ ഉദ്യോഗസ്ഥരെ നാല് മണിക്കൂർ വീതം പരിശോധനയ്ക്കായി നിയോഗിക്കും.
വാഗ്ലെ എസ്റ്റേറ്റ്, കോപ്രി, ഇന്ദിരാ നഗർ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രധാന കവലകളിൽ ട്രാഫിക് പൊലീസിനെ സ്ഥിരമായി വിന്യസിക്കും. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ട്രാഫിക്) പങ്കജ് ശിർസാത്, ആർ.ടി.ഒ ഹേമാംഗിനി പാട്ടീൽ, മുൻ കൗൺസിലർമാരായ ഭരത് ചൗഹാൻ, അമിത് സരയ്യ, അനിത യാദവ്, ജയേന്ദ്ര കോലി, വിശാൽ വാഗ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.