മുംബൈ: മറാഠി ഭാഷാ പരിജ്ഞാനം നിർബന്ധമാക്കിക്കൊണ്ടുള്ള പരിശോധന ശക്തമായതോടെ മുംബൈയിൽ ഓട്ടോ-ടാക്സി സർവീസുകൾ വെട്ടിച്ചുരുങ്ങി. നോട്ടീസും ബാഡ്ജ് റദ്ദാക്കലും ഭയന്ന് ഡ്രൈവർമാർ വാഹനങ്ങൾ നിരത്തിലിറക്കാതിരുന്നതോടെ താനെ, സിയോൺ, കുർള മേഖലകളിൽ സർവീസുകൾ ഗണ്യമായി കുറഞ്ഞു.
പരിശോധനയുടെ ആദ്യദിനം സംസ്ഥാനത്താകെ 8,217 ഡ്രൈവർമാരെ പരിശോധിച്ചതിൽ 1,268 പേർക്ക് നോട്ടീസ് നൽകി. മുംബൈ മെട്രോപൊളിറ്റൻ റീജിയനിൽ 3,995 പേരിൽ 604 പേർക്കാണ് നോട്ടീസ് ലഭിച്ചത്. നോട്ടീസ് ഭയന്നാണ് പലരും ടാക്സികൾ പൂട്ടിയിട്ടതെന്ന് പ്രയാഗ്രാജ് സ്വദേശിയായ ഡ്രൈവർ ഇഷാർ മുഹമ്മദ് പറഞ്ഞു. കുർള, താനെ, ദാദർ, മുംബൈ സെൻട്രൽ എന്നിവിടങ്ങളിൽ ആർ.ടി.ഒയുടെ ഫ്ലയിങ് സ്ക്വാഡുകൾ പരിശോധന തുടരുകയാണ്.
ഡ്രൈവർമാരെ ബുദ്ധിമുട്ടിക്കാനല്ല, യാത്രക്കാരുമായി ആശയവിനിമയം നടത്താനുള്ള അടിസ്ഥാന അറിവുണ്ടോ എന്ന് അറിയാനാണ് പരിശോധനയെന്ന് താനെ ആർ.ടി.ഒ ചീഫ് ഹേമാംഗിനി പാട്ടീൽ വ്യക്തമാക്കി. സെപ്റ്റംബർ 30 വരെ തുടരുന്ന പരിശോധനയിൽ പരാജയപ്പെടുന്നവർക്ക് മറാഠി പഠിക്കാൻ ഒരു മാസത്തെ സമയം നൽകും. അതിനുശേഷവും തോറ്റാൽ ബാഡ്ജ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും.
പെർമിറ്റ് അപേക്ഷകൾക്കും പുതുക്കലിനും മറാഠി ഭാഷാ സർട്ടിഫിക്കറ്റും സംഭാഷണത്തിന്റെ വീഡിയോ റെക്കോർഡിംഗും സംസ്ഥാന ഗതാഗത മന്ത്രി പ്രതാപ് സർനായിക് നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം, ബോറിവലി ആർ.ടി.ഒയിൽ വീഡിയോ റെക്കോർഡിംഗ് സൗകര്യമില്ലെന്ന കാരണം പറഞ്ഞ് മറാഠി ഡ്രൈവറെ തിരിച്ചയച്ച സംഭവവും ഉണ്ടായി. നിലവിൽ മഹാരാഷ്ട്രയിൽ 9.65 ലക്ഷം ഓട്ടോ-ടാക്സി പെർമിറ്റുകളാണുള്ളത്.