പണ്ടൊക്കെ ഓണത്തെ വരവേൽക്കുന്ന രീതി തന്നെ എന്തൊരു രസമായിരുന്നു!
ഒരുക്കങ്ങളുടെ ഉത്സവക്കാലം
ഓണം വരുന്നതിന് ദിവസങ്ങൾക്ക് മുമ്പേ വീടും പരിസരവും അതിനായി ഒരുങ്ങിത്തുടങ്ങും. മുറ്റവും വഴിയരികുകളും ഒക്കെ ചെത്തിമിനുക്കി സുന്ദരമാക്കും. വീടിന്റെ മച്ചിലും മൂലകളിലും അടിഞ്ഞുകൂടിയ പൊടിയും മാറാലയും തൂത്തുതുടച്ച് വൃത്തിയാക്കും. സാധനങ്ങൾ സൂക്ഷിച്ചിരുന്ന പാത്രങ്ങളും തിണ്ണകളും ഒക്കെ കഴുകി വൃത്തിയാക്കി വെക്കും. കട്ടിലും മേശയും വരെ കഴുകിത്തുടച്ച് വെയിലത്തുണക്കും.
ആ വൃത്തിയാക്കലിൽ പോലും എന്തൊരു സന്തോഷമായിരുന്നു!
ഓണം ഒരു ദിവസം വന്ന് കടന്നുപോകുന്ന ആഘോഷമായിരുന്നില്ല അന്ന്. ഓണത്തെ കാത്തിരിക്കുക എന്നതുതന്നെ ഒരു വലിയ ആഘോഷമായിരുന്നു.
കർക്കിടകത്തിൽ തന്നെ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങും. മൂതേവിയെ കുടിയിറക്കി ശ്രീദേവിയെ കുടിയിരുത്താനുള്ള ശ്രമമാണ്. വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കി, പഴയതും ഉപയോഗമില്ലാത്തതുമായ എല്ലാം വീട്ടിൽനിന്ന് പുറത്താക്കി ദൂരെ കൊണ്ടുപോയി കളയും. മൂശേട്ടയെ പുറത്താക്കി ഓണത്തെ വരവേൽക്കുക എന്നൊരു വിശ്വാസവും അതിനൊപ്പം ഉണ്ടായിരുന്നു.
പൂത്തുലയുന്ന ബാല്യവും ഊഞ്ഞാലാട്ടവും
പരീക്ഷാക്കാലം കഴിഞ്ഞ് സ്കൂൾ അടയ്ക്കുന്നതോടെ ഞങ്ങൾ കുട്ടികളുടെ മനസ്സിലും ഓണം പൂർണ്ണമായി പൂത്തിറങ്ങും. ആ ദിവസങ്ങളിലെ ആവേശത്തിന് ഇന്നത്തെ ആഘോഷങ്ങളൊന്നും പകരമാകില്ല.
ഊഞ്ഞാലായിരുന്നു ഓണക്കാലത്തെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്. ഊഞ്ഞാലിൽ കയറി ആടുമ്പോൾ വളരെ ഉയരത്തിൽ പോകുന്നതും ആടിയാടി ആകാശത്തേക്ക് പറക്കുന്നതുമൊക്കെ എനിക്ക് വലിയ പേടിയായിരുന്നു. പക്ഷേ മറ്റുള്ളവർ ഊഞ്ഞാലാടുന്നത് നോക്കിയിരിക്കാൻ വലിയ ഇഷ്ടവും. പേടിയുണ്ടെങ്കിലും വീണ്ടും വീണ്ടും ഊഞ്ഞാലിനരികിലേക്ക് തന്നെ പോകും.പിന്നെ, കൈനിറയെ വളകൾ… പുതിയ ഉടുപ്പ്… പുതിയ കൊലുസ്… പുതിയ ചെരുപ്പ്…
ക്ലബ്ബ് മുറ്റത്തെ സൗഹൃദങ്ങൾ
എന്റെ നാട്… അതായിരുന്നു എന്റെ ഓണത്തിന്റെ ഏറ്റവും വലിയ സന്തോഷം.അവിടെ പ്രധാനമായും രണ്ട് ക്ലബ്ബുകളായിരുന്നു — പൗരസമിതിയും ഫൈൻ ആർട്സും. സ്കൂൾ അടച്ചുകഴിഞ്ഞാൽ ഞങ്ങൾ കുട്ടികളുടെ ഹാജർ അവിടെയാണ്. പിന്നെ ഓണാഘോഷത്തിനായി സ്റ്റേജ് കെട്ടുന്നതുമുതൽ ഞങ്ങൾ അവിടെയുണ്ടാകും.സന്ധ്യയാകുന്നതുവരെ അവിടെ കലാപരിപാടികളുടെ പരിശീലനം, ഓണക്കളികൾ, ചിരി, ബഹളം… എന്തൊരു കാലമായിരുന്നു അത്!
അനിത, വീണ, തുമ്പി, ആശ, ബിന്ദു, അനീഷ്, രാജേഷ്, ദീപു, വിനോദ്… അങ്ങനെ എത്ര കൂട്ടുകാർ! പേരുകൾ പറഞ്ഞുതുടങ്ങിയാൽ തീരാത്തത്ര പേർ. എല്ലാവരും ചേർന്നുള്ള ആ കളിയും ചിരിയും ബഹളവുമായിരുന്നു ഞങ്ങളുടെ ഓണം.
അതിനിടയിൽ ഇടയ്ക്കൊക്കെ അച്ചാച്ചന്റെ കടയിലേക്ക് ഓടും. അവിടെനിന്ന് അച്ചാച്ഛനെ കെട്ടിപ്പിടിച്ചും ഉമ്മ കൊടുത്തും വീണ്ടും ഗ്രൗണ്ടിലേക്ക് ഓടും.
ഉത്സവമേളവും നിലാവുള്ള രാവുകളും
ഉത്രാടം മുതൽ പിന്നെ ഞങ്ങൾക്ക് വിശ്രമമില്ല. വിവിധ കലാ-കായിക മത്സരങ്ങൾ. ഒരു മത്സരം പോലും ഒഴിവാക്കില്ല, എല്ലാത്തിലും പങ്കെടുക്കും! ചിലതിൽ തോറ്റ് തൊപ്പിയിടും, ചിലതിൽ ഒന്നാം സമ്മാനം, ചിലതിൽ രണ്ടാം സമ്മാനം. കായിക മത്സരങ്ങളിൽ അത്ര മുന്നിലായിരുന്നില്ലെങ്കിലും, കലാമത്സരങ്ങളിൽ എപ്പോഴും മുന്നിലുണ്ടാകും. അവിടെയായിരുന്നു എന്റെ ലോകം.
ഉത്രാട രാത്രിയിലായിരുന്നു വീട്ടിലെ ഏറ്റവും വലിയ ആഘോഷം. കുഞ്ഞമ്മമാരും കൂട്ടുകാരും അപ്പച്ചനും അമ്മച്ചിയും എല്ലാവരും ഒത്തുകൂടും. പിന്നെ ഊഞ്ഞാലാട്ടവും പടക്കം പൊട്ടിക്കലും പൂത്തിരി കത്തിക്കലും… ചിരിയും ബഹളവുമൊക്കെയായി ആ രാത്രി നീളും.
പൂത്തിരിയുടെ വെളിച്ചത്തിൽ തെളിഞ്ഞുനിൽക്കുന്ന മുഖങ്ങളും, പടക്കത്തിന്റെ ശബ്ദവും, ഊഞ്ഞാലാട്ടവും, എല്ലാവരും ചേർന്നുള്ള ആ സന്തോഷവും…
തിരുവോണപ്പുലരിയും നാവിലൂറുന്ന സദ്യയും
അച്ചാച്ചനോ അമ്മച്ചിയോ വാങ്ങിത്തരുന്ന ഓണക്കോടി അണിഞ്ഞ് തിരുവോണ ദിവസം പുലർച്ചെ അച്ചാച്ചന്റെ വീട്ടിലേക്കുള്ള യാത്രയ്ക്ക് ഞങ്ങൾ ഒരുങ്ങും. സന്തോഷം കൊണ്ട് തുള്ളിച്ചാടിയാണ് ബസിൽ കയറുന്നത്. അച്ഛന്റെ വീട്ടിലെത്തിയാൽ പിന്നെ അവിടെ ഞങ്ങൾ കസിൻസ് എല്ലാരും കൂടി തിമിർപ്പാണ്.
അച്ഛമ്മയും അപ്പച്ചിയും കുഞ്ഞമ്മയും അമ്മച്ചിയും ഒക്കെ ചേർന്ന് ഉണ്ടാക്കുന്ന ഓണസദ്യ! ആ സദ്യയുടെ രുചി ഇന്നും നാവിൽ നിൽക്കുന്നതുപോലെ തോന്നും. എനിക്ക് അന്നും ഇന്നും കുളിച്ചു സുന്ദരിയായി ഓണക്കോടിയൊക്കെ ഉടുത്തു കറങ്ങി നടക്കാനാണ് ഇഷ്ടം.
പരിപ്പ്, പപ്പടം, തീയൽ, തോരൻ, അവിയൽ, സാമ്പാർ, കാളൻ, ഓലൻ, പച്ചടി, അച്ചാറുകൾ… പിന്നെ പായസവും!വാഴയിലയിൽ നിരന്നിരിക്കുന്ന ഓരോ വിഭവത്തിനും അതിന്റേതായൊരു മണം, കൈപ്പുണ്യത്തിന്റെ രുചി!
കളിയരങ്ങൊഴിയുന്ന സങ്കടം
തിരുവോണം കഴിഞ്ഞാലും ആഘോഷങ്ങൾ കഴിയില്ല. പകൽ മുതിർന്ന ആണുങ്ങളുടെ വടംവലി മത്സരം, വടത്തിൽ കയറ്റമത്സരം തുടങ്ങി ആനയും ആളുകളും തമ്മിലുള്ള വടംവലി വരെ! അതൊക്കെ കാണാനും വലിയ ആവേശമായിരുന്നു.
പിന്നെ തിരുവാതിരക്കളി, ഒപ്പന, ഗ്രൂപ്പ് ഡാൻസ്, കുട്ടികളുടെ നാടകം അങ്ങനെ അങ്ങനെ… അതിൽ ഞങ്ങളും ഉണ്ടാകും. പാട്ടും ചുവടുകളും ചിരിയും നിറഞ്ഞ ആ ദിവസങ്ങൾ…
നാലാം ദിവസം ഓണാഘോഷങ്ങൾ അവസാനിക്കും. ആഘോഷങ്ങളുടെ അവസാന ദിവസം വന്നെത്തും. പിന്നെ ഞങ്ങളാരും ഇഷ്ടപ്പെടാത്ത ആ കാര്യം നടക്കും — സ്റ്റേജ് പൊളിക്കുന്ന ദിവസം!
അന്ന് ആ ഗ്രൗണ്ടിൽനിന്ന് പുറത്തേക്ക് വരുന്നത് പോലും കണ്ണുനിറച്ചായിരുന്നു. സ്റ്റേജ് പൊളിക്കുന്നതും, അലങ്കാരങ്ങൾ അഴിക്കുന്നതും, ഗ്രൗണ്ട് പതിയെ ശൂന്യമാകുന്നതും നോക്കിനിൽക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സങ്കടം നിറയും. ഓണം കഴിഞ്ഞു. ഇനി എന്ത്? വലിയ സങ്കടം!പിന്നെ പതിയെ അടുത്ത ഓണത്തിനായുള്ള കാത്തിരിപ്പ് തുടങ്ങും.അടുത്ത ചിങ്ങത്തിനായി… അടുത്ത ഊഞ്ഞാലിനായി… അടുത്ത ഓണക്കോടിക്കായി… അടുത്ത കലാപരിപാടികൾക്കായി… അടുത്ത ഒത്തുചേരലിനായി…അങ്ങനെ ഒരു വർഷം മുഴുവൻ കാത്തിരിക്കും.
മനസ്സിലൊഴിയാത്ത ബാല്യത്തിന്റെ പൂക്കളങ്ങൾ
പക്ഷേ… ആ കാത്തിരിപ്പൊന്നും ഇന്നില്ല. ഓണം ഇന്നും വരുന്നു. ആഘോഷങ്ങളും ഇന്നുണ്ട്. പഴയതിലും വലിയ ആഘോഷങ്ങൾ, കൂടുതൽ സൗകര്യങ്ങൾ, കൂടുതൽ നിറങ്ങൾ, കൂടുതൽ പരിപാടികൾ. പക്ഷേ അന്ന് ഓണത്തിന് ഉണ്ടായിരുന്ന ആ കാത്തിരിപ്പില്ല. അന്നത്തെ കൂട്ടുകാരില്ല. ആ ഗ്രൗണ്ടില്ല. ആ സ്റ്റേജില്ല. ആ ബഹളമില്ല. ആ കുട്ടിക്കാലമില്ല. അച്ചാച്ചനുമില്ല…
ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ഇന്നത്തെ ഓണത്തിന് എല്ലാം ഉണ്ടായിട്ടും, എന്തോ ഒന്ന് ഇല്ലാത്തതുപോലെ തോന്നുന്നത്. കാരണം നമ്മൾ ഇന്ന് ആഘോഷിക്കുന്നത് ഓണം തന്നെയാണെങ്കിലും, മനസ്സിന്റെ ഏതോ കോണിൽ നമ്മൾ തേടുന്നത് നമ്മുടെ കുട്ടിക്കാലത്തെ ഓണമാണ്. നമ്മുടെ നാടിന്റെ ഓണം, നമ്മുടെ കൂട്ടുകാരുമൊത്തുള്ള ഓണം, നമ്മുടെ കുട്ടിക്കാലത്തെ ഓണം, തിരിച്ചുകിട്ടാത്ത ആ കാലത്തിന്റെ ഓണം… അത് ഇനി വരില്ലെന്ന് അറിയാം. എങ്കിലും ഓരോ ചിങ്ങവും വരുമ്പോൾ മനസ്സ് വെറുതെ ഒന്ന് കാത്തിരിക്കും… “ഒരിക്കൽക്കൂടി ആ ഓണം തിരിച്ചു വന്നിരുന്നെങ്കിൽ…” അന്നത്തെ ഓണം വെറും ഒരു ആഘോഷമായിരുന്നില്ല, ആവേശമായിരുന്നു. ഒത്തുകൂടിയ കുടുംബം, കൂട്ടുകാരുടെ ചിരി, അച്ഛമ്മയുടെ സദ്യ, അച്ഛന്റെ കൈപിടിച്ചുള്ള യാത്ര, കസിനുകളുടെ ബഹളം, ഊഞ്ഞാലാട്ടം, പൂത്തിരിയുടെ വെളിച്ചം… എങ്ങിനെയാണ് ആ ദിവസങ്ങൾ മറക്കുന്നത്? മറക്കാൻ കഴിയുമോ?
ഇന്ന് ഓണം വരുമ്പോൾ ആ ഓർമ്മകളൊക്കെ മനസ്സിലേക്ക് പതിയെ തിരിച്ചെത്തും. ചിലർ അടുത്തുണ്ട്, ചിലർ ദൂരെയായി, ചിലർ ഓർമ്മകളിൽ മാത്രം. എങ്കിലും ഓരോ ചിങ്ങവും വരുമ്പോൾ മനസ്സ് വീണ്ടും ആ പഴയ വീട്ടുമുറ്റത്തേക്ക് ഓടിപ്പോകും… അന്നത്തെ പെറ്റിക്കോട്ടിട്ട ചെറിയ പെൺകുട്ടിയായി. അവിടെ, ഇന്നും, ഒരു ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കുന്നുണ്ടാകും. ഒരു പൂത്തിരി കത്തുന്നുണ്ടാകും. അമ്മച്ചി സദ്യ ഒരുക്കുന്നുണ്ടാകും. അച്ചാച്ചൻ കൈ നീട്ടി വിളിക്കുന്നുണ്ടാകും.
അവിടെയാണ് എന്റെ ഓണം, അവിടെയാണ് എന്റെ ബാല്യം…
(നർത്തകിയും സാംസ്‌കാരിക പ്രവർത്തകയുമാണ് ഡിമ്പിൾ ഗിരീഷ്, താനെയിൽ താമസം )