കാലത്തിന് മായ്ക്കാനാവാത്ത കുമ്മണ്ണൂരിലെ ആ പഴയ ഓണം

സൗമ്യ മോഹൻ

by WhatsUp Mumbai

കേരളത്തിൽ നിന്ന് അകലെയാണെങ്കിലും, മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നത് എന്റെ നാടിന്റെ ഓർമ്മകളാണ്. നാട്ടിലെ ഓണക്കാലത്തിന്റെ ഓർമ്മകളാണ്. ജനിച്ചുവളർന്ന മണ്ണിന്റെ മണമുള്ള ഓർമ്മകൾ…

ഒരുപക്ഷേ അതുകൊണ്ടുതന്നെയാകാം, ഓരോ ഓണക്കാലവും എത്തുമ്പോൾ മനസ്സ് അറിയാതെ തിരികെ നടക്കുന്നത് ആ പഴയ വഴികളിലൂടെയും, മുറ്റത്തെ പൂക്കളത്തിലൂടെയും, ഊഞ്ഞാലിൻ ചുവട്ടിലൂടെയും, ബാല്യത്തിന്റെ ആ സന്തോഷങ്ങളിലൂടെയുമാണ്.

ഒരു പ്രവാസി മലയാളിയായി ഇന്ന് ഓണം ആഘോഷിക്കുമ്പോൾ, ഒരിക്കൽ നഷ്ടപ്പെട്ടുപോയ ആ ഓണക്കാലത്തെ വീണ്ടും കണ്ടെത്താനുള്ള ശ്രമമാണ് ഓരോ ആഘോഷവും. പൂക്കളമിടുന്നു, ഓണസദ്യ ഒരുക്കുന്നു, ഓണക്കോടിയുടുക്കുന്നു, കൂട്ടുകാരെ വിളിക്കുന്നു, ആഘോഷിക്കുന്നു… എന്നിട്ടും മനസ്സിന്റെ ഏതോ കോണിൽ ഒരു ചോദ്യം ബാക്കിയാണ് — എന്റെ ഓർമ്മയിലെ ആ ഓണം എവിടെയാണ്?

നീണ്ട പ്രവാസജീവിതം പിന്നിട്ടിട്ടും, ഇപ്പോഴും ഞാൻ ഒരു പ്രവാസി മലയാളിയാണെന്നുള്ളത് മനസ്സിനെ പറഞ്ഞു പഠിപ്പിക്കേണ്ടിവരുന്നു. കാരണം, മലയാളി എവിടെയാണെങ്കിലും, അവർ മലയാളി തന്നെ.

നാടിനോടും, ഓർമ്മകളോടും, ആ പഴയ ഓണക്കാലത്തോടുമുള്ള ആ ബന്ധം ഒരിക്കലും മായുന്നില്ല.

നഷ്ടപ്പെട്ടുപോയ എന്റെ ഓർമ്മകളിൽ ഇന്നും പൂത്തുനിൽക്കുന്ന ആ ഓണം തേടിയുള്ള ഒരു യാത്ര… 

(കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഭോപ്പാലിൽ ആതുരസേവന രംഗത്ത് സജീവമായ സൗമ്യ മോഹൻ ആണ് ലേഖിക. കോട്ടയം ജില്ലയിലെ കുമ്മണ്ണൂർ ആണ് സ്വദേശം.)

You may also like