മുംബൈ: മഴ ശക്തമായതോടെ മുംബൈയിൽ മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കുന്നു. ജൂലൈ മാസത്തിൽ നഗരത്തിൽ മലേറിയ കേസുകളിൽ 111 ശതമാനത്തിന്റെയും എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) കേസുകളിൽ 136 ശതമാനത്തിന്റെയും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. രോഗബാധ ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിൽ ബൃഹന്മുംബൈ കോർപ്പറേഷൻ (BMC) പ്രതിരോധ പ്രവർത്തനങ്ങളും പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്.
കൊതുകുജന്യ രോഗങ്ങളും കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയുള്ള അണുബാധകളും തടയുന്നതിനായി ബിഎംസിയുടെ ആരോഗ്യ വിഭാഗം പരിശോധനകളും പ്രതിരോധ മരുന്ന് വിതരണവും ഊർജ്ജിതമാക്കി. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നവരും കെട്ടിട നിർമ്മാണ തൊഴിലാളികളും ആരോഗ്യ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ഡോക്ടറെ കണ്ട് പരിശോധന നടത്തണമെന്ന് ബിഎംസി ജനങ്ങളോട് അഭ്യർത്ഥിച്ചു.