മുംബൈ: റെയിൽവേ സ്റ്റേഷൻ ഭക്ഷണശാലകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ശുചിത്വത്തിലും വീഴ്ച വരുത്തിയാൽ കടുത്ത നടപടിയും പിഴയും നേരിടേണ്ടിവരുമെന്ന് ഐആർസിടിസി (IRCTC) വെസ്റ്റ് സോൺ അധികൃതർ മുന്നറിയിപ്പ് നൽകി. ഐആർസിടിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജൻ ആഹാർ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഭക്ഷണശാലകളും കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. യാത്രക്കാർക്ക് സുരക്ഷിതവും ശുചിത്വമുള്ളതുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിംഗ് സേവനങ്ങളുടെ പരിശോധന ഊർജ്ജിതമാക്കിയതിന് പിന്നാലെയാണ് ഈ നടപടി.
മുംബൈയിലും മുംബൈ മെട്രോപൊളിറ്റൻ റീജിയണിലുമായി (MMR) ഉള്ള ഏഴ് ജൻ ആഹാർ കേന്ദ്രങ്ങൾ ഉൾപ്പെടെ എഴുപതോളം ഭക്ഷണശാലകളാണ് വെസ്റ്റ് സോണിന്റെ കീഴിൽ പ്രവർത്തിക്കുന്നത്. നിലവാരമുള്ള ഭക്ഷണം വിളമ്പാനും ശുചിത്വ നിലവാരം പുലർത്താനും കരാറിലെ ഓരോ നിബന്ധനകളും പൂർണ്ണമായി പാലിക്കാനും എല്ലാ ലൈസൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ആവശ്യമുള്ളിടത്തെല്ലാം പിഴ ഈടാക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
തിങ്കളാഴ്ച മുംബൈ സെൻട്രലിലെ ജൻ ആഹാർ ഔട്ട്ലെറ്റിൽ ഐആർസിടിസി ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തുകയും ശുചിത്വം മെച്ചപ്പെടുത്താൻ ഓപ്പറേറ്റർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. മോശം ശുചിത്വത്തെക്കുറിച്ചുള്ള പരാതികളെ തുടർന്ന് ഇതേ ഔട്ട്ലെറ്റിനെതിരെ മുൻപും നടപടിയെടുത്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച ലൈസൻസിക്ക് കനത്ത പിഴ ചുമത്തുകയും ഔട്ട്ലെറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു. റെയിൽവേ കേറ്ററിംഗ് മേഖലയിൽ പരിശോധന കർശനമാക്കാനും യാത്രക്കാരുടെ ഭക്ഷണാനുഭവം മെച്ചപ്പെടുത്താനുമുള്ള ഐആർസിടിസിയുടെ കടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടികൾ.