മുൻ ഗവർണറും ഡി.വൈ. പാട്ടീൽ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഡി.വൈ. പാട്ടീൽ അന്തരിച്ചു

by WhatsUp Mumbai

മുംബൈ: പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും മുൻ ഗവർണറുമായ പത്മശ്രീ ഡോ. ഡി.വൈ. പാട്ടീൽ (ജ്ഞാൻദേവ് യശ്വന്ത്റാവു പാട്ടീൽ) അന്തരിച്ചു. 90 വയസ്സായിരുന്നു. കോലാപ്പൂരിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണത്തോടെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ ഒരു യുഗത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.

വർഷങ്ങളായി വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകളെ മാനിച്ച് 1991-ൽ രാജ്യം അദ്ദേഹത്തെ ‘പത്മശ്രീ’ നൽകി ആദരിച്ചിട്ടുണ്ട്. തൃപുര, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ കോലാപ്പൂർ നഗരസഭാ മേയറായും പൻഹാല മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായും അദ്ദേഹം രാഷ്ട്രീയത്തിലും തിളങ്ങി.

ഇന്ത്യയിലുടനീളം നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ‘ഡി.വൈ. പാട്ടീൽ ഗ്രൂപ്പിന്റെ’ സ്ഥാപകനാണ് അദ്ദേഹം. കോൺഗ്രസ് നേതാവും എം.എൽ.സിയുമായ സതേജ് പാട്ടീൽ, വ്യവസായി സഞ്ജയ് പാട്ടീൽ എന്നിവരടക്കം മക്കളാണ്. അദ്ദേഹത്തിന്റെ വേർപാടിൽ പ്രമുഖ നേതാക്കളും സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

You may also like