പൂനെ: പൂനെയിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശികളായ മലയാളി കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ ദാരുണ സംഭവത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. അധ്യാപികയായ സിൽജ പിള്ള ഉൾപ്പെടെ മരിച്ച മൂന്നുപേരുടെയും സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിയോടെ പൂനെയിൽ നടന്നു. ചൊവ്വാഴ്ച സംസ്കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും, ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയായതിനെ തുടർന്ന് ചടങ്ങുകൾ ഇന്നേക്ക് മാറ്റുകയായിരുന്നു.
ജീവിതം അവസാനിപ്പിച്ച വിനോദിന്റെ ഭാര്യ സിൽജ പിള്ളയുടെ സഹോദരി, സഹോദരീ ഭർത്താവ്, വിനോദിന്റെ അടുത്ത ബന്ധുക്കൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. ഇവർക്ക് പുറമേ പൂനെയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരായ സജി വർക്കി, എൻ.ഡി. പരമേശ്വരൻ, ബാബു നായർ, മഹേഷ്, സനി മാത്യു,ലിജോ, രവി എൻ പി, അൻസാരി ഗോപിനാഥ്, അജി പുരുഷോത്തമൻ, അഭിലാഷ്, ബാബു കെ എം,എന്നിവരും വിവിധ ഇടവകകളിൽ നിന്നുള്ള വികാരിമാരും അന്ത്യോപചാരമർപ്പിച്ചു.
ദുരന്തത്തിന്റെ ആഘാതത്തിലായ ബന്ധുക്കൾക്ക് ആശ്വാസമേകാൻ നിരവധി മലയാളി സാമൂഹിക പ്രവർത്തകരും വിവിധ സമാജങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, സംഭവസ്ഥലത്തുനിന്ന് കടബാധ്യതയെക്കുറിച്ച് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭവത്തിന് പിന്നിലെ ദുരൂഹതകൾ നീക്കാൻ സമഗ്രമായ അന്വേഷണം വേണമെന്ന് മലയാളി സമൂഹം ആവശ്യപ്പെട്ടു. ദുരന്തത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിന് നിവേദനം നൽകാനുള്ള തയ്യാറെടുപ്പിലാണ് പൂനെയിലെ വിവിധ മലയാളി സംഘടനകൾ.