പട്ന: ബിഹാറിലെ ബങ്കിപൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യത്തിന് വിരാമമിട്ട് ജനകീയ മുന്നേറ്റവുമായി പ്രശാന്ത് കിഷോർ. 31 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബിജെപി സ്ഥാനാർത്ഥി നീരജ് കുമാറിനെ 18,953 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ജൻ സുരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ കന്നി തിരഞ്ഞെടുപ്പ് വിജയം കുറിച്ചത്. 1995 മുതൽ ബിജെപിയുടെ ഉറച്ച കോട്ടയായിരുന്ന മണ്ഡലത്തിലാണ് ഈ ചരിത്ര തിരുത്തിയെഴുത്ത്.
മുൻ എംഎൽഎയും ബിജെപി ദേശീയ അധ്യക്ഷനുമായ നിതിൻ നബീൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വിജയത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പ്രശാന്ത് കിഷോർ ബിഹാറിലെ ബിജെപി നേതൃത്വത്തിനും സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരിക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള നേതൃത്വത്തെ ബീഹാറിലെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നൽകാൻ പ്രാപ്തിയുള്ള ഭരണാധികാരിയെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജനവിധി തലകുനിച്ച് അംഗീകരിക്കുന്നുവെന്നും തിരിച്ചടിയെക്കുറിച്ച് വിശദമായി പഠിക്കുമെന്നും ബീഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് സാറോജി, സംസ്ഥാന മന്ത്രി വിജയ് കുമാർ സിൻഹ എന്നിവർ വ്യക്തമാക്കി. എന്നാൽ ബിജെപിയുമായി ധാരണയുണ്ടാക്കിയാണ് പ്രശാന്ത് കിഷോർ വിജയിച്ചതെന്ന് ആർജെഡി എംപി മിസ ഭാരതി ആരോപിച്ചപ്പോൾ, ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തുവെന്നാണ് കോൺഗ്രസ് എംപി അഖിലേഷ് പ്രസാദ് സിംഗ് പ്രതികരിച്ചത്.