ഛത്രപതി സംഭാജിനഗർ: നീറ്റ് (NEET-UG) ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരായ പ്രക്ഷോഭത്തിൽ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരത്തിനിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത പരീക്ഷാർത്ഥികളുടെ കുടുംബങ്ങൾക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക കേന്ദ്ര സർക്കാർ ഇതുവരെ കൈമാറിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജി വെച്ചതിനെയും പ്രക്ഷോഭകർക്കെതിരെയുള്ള എഫ്.ഐ.ആറുകൾ പിൻവലിക്കാമെന്ന ഉറപ്പിനെയും തുടർന്ന് ജൂലൈ 25-നാണ് ജന്തർ മന്ദിറിലെ 37 ദിവസം നീണ്ട സമരം സി.ജെ.പി അവസാനിപ്പിച്ചത്. എന്നാൽ പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷിയെ നിയമിച്ച നടപടിയെ ദീപ്കെ രൂക്ഷമായി വിമർശിച്ചു. ബിൽക്കീസ് ബാനു കേസ് പ്രതികളെ മാലയിട്ട് സ്വീകരിച്ച വ്യക്തിയെ വിദ്യാഭ്യാസ മന്ത്രിയാക്കിയത് സ്കൂൾ വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അതിനാൽ ഈ നിയമനത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എം.പിമാരെയും എം.എൽ.എമാരെയും കുതിരക്കച്ചവടം നടത്താൻ കോടികൾ ഒഴുക്കുന്ന സർക്കാർ, പരീക്ഷാത്തട്ടിപ്പിൽ ഇരകളായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിയമാവലി തടസ്സമായി പറയുകയാണെന്ന് ദീപ്കെ ആരോപിച്ചു. നൽകിയ ഉറപ്പുകൾ എത്രയും വേഗം പാലിച്ചില്ലെങ്കിൽ വീണ്ടും ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്നാണ് കേന്ദ്രത്തിന് സി.ജെ.പിയുടെ മുന്നറിയിപ്പ്.