പുണെ: പിംപ്രിയിൽ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മലയാളി ഗൃഹനാഥൻ പി.എസ്. വിനോദ് (47) ഇന്നലെ മരിച്ചതിന് പിന്നാലെ, ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഭാര്യയും മകളും ഇന്ന് മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് ആണ് സ്വദേശം.
വിനോദിന്റെ ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് വൈ.സി.എം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. ഇതോടെ ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണം നാടിനെ നടുക്കുന്ന ദുരന്തമായി മാറി.
സാമ്പത്തിക പരാധീനതകൾ മൂലമാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കി സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിംപ്രി മോർവാടിയിലുള്ള കരിഷ്മ ഗ്ലോറി ഫ്ലാറ്റിലാണ് ദാരുണമായ സംഭവം നടന്നത്. വിഷം ഉള്ളിൽച്ചെന്നാണ് മൂവരും ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. പിംപ്രിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായ സിൽജ തുടർച്ചയായി രണ്ടുദിവസം ജോലിക്ക് എത്താത്തതിനെ തുടർന്ന് ശനിയാഴ്ച രാവിലെ സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രതികരണമൊന്നുമില്ലാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് അയൽവാസികൾ ഫ്ലാറ്റിലെത്തി ഡോർബെൽ അടിക്കുകയും വാതിലിൽ തട്ടി വിളിക്കുകയും ചെയ്തെങ്കിലും അകത്തുനിന്ന് അനക്കമുണ്ടായില്ല. സംശയം തോന്നി വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോഴാണ് കിടപ്പുമുറിയിൽ മൂവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അതേ കെട്ടിടത്തിലെ മറ്റ് താമസക്കാരുടെ സഹായത്തോടെ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ തന്നെ വിനോദിന്റെ മരണം സ്ഥിരീകരിച്ചിരുന്നു.
സംഭവത്തിൽ പിംപ്രി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലും സാമ്പത്തിക ബാധ്യതകളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.