പാളത്തിലൂടെ മിന്നൽ ദൗത്യം; അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള ഹൃദയവുമായി കുതിച്ചുപാഞ്ഞ് വന്ദേ ഭാരത്

by WhatsUp Mumbai

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായി, ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനായി ജീവനുള്ള ഹൃദയം വന്ദേ ഭാരത് തീവണ്ടിയിൽ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. സൂററ്റിൽ നിന്ന് അഹമ്മദാബാദിലേക്കാണ് അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള ഹൃദയവുമായി മുംബൈ സെൻട്രൽ – ഗാന്ധിനഗർ കാപ്പിറ്റൽ വന്ദേ ഭാരത് എക്സ്പ്രസ് (വണ്ടി നമ്പർ: 20901) പാഞ്ഞെത്തിയത്. നിശ്ചിത സമയത്തിനുള്ളിൽ ഹൃദയം എത്തിച്ച് മാറ്റി​വെക്കൽ ശസ്ത്രക്രിയ വിജയകരമാക്കാൻ സാധിച്ചതോടെ റെയിൽവേ ഒരു പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.

അഹമ്മദാബാദ് റെയിൽവേ നിലയത്തിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ തീവണ്ടി എത്തിയ ഉടൻ തന്നെ, റോഡിൽ മറ്റ് തടസ്സങ്ങളൊന്നുമില്ലാത്ത പ്രത്യേക ‘ഗ്രീൻ കോറിഡോർ’ പാതയൊരുക്കി ഹൃദയം ‘യു.എൻ. മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്റർ’ എന്ന ആശുപത്രിയിലേക്ക് സുരക്ഷിതമായി മാറ്റി. വഴിയിൽ ഒട്ടും വൈകാതെ ഹൃദയം എത്തിക്കാനായതോടെ ഡോക്ടർമാർക്ക് കൃത്യസമയത്ത് തന്നെ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞു. ഇന്ത്യൻ റെയിൽവേ, വെസ്റ്റേൺ റെയിൽവേ, റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്), ഗുജറാത്ത് പോലീസ്, വൈദ്യസംഘം, അവയവമാറ്റ കോർഡിനേറ്റർമാർ എന്നിവർ ഒന്നിച്ചുനിന്ന മികച്ച പ്രവർത്തനമാണ് ഈ ദൗത്യം വിജയകരമാക്കിയത്.

ഇന്ത്യൻ റെയിൽവേയ്ക്ക് ഇത് ഏറെ അഭിമാനം നൽകുന്ന നിമിഷമാണെന്ന് അഹമ്മദാബാദ് ഡിവിഷണൽ റെയിൽവേ മാനേജർ വേദ് പ്രകാശ് പറഞ്ഞു. “ജീവൻ രക്ഷിക്കാനുള്ള ഇത്തരം ദൗത്യങ്ങളിൽ ഓരോ മിനിറ്റും വളരെ വിലപ്പെട്ടതാണ്. ഇന്ത്യൻ റെയിൽവേ, റെയിൽവേ സംരക്ഷണ സേന, ഗുജറാത്ത് പോലീസ്, വൈദ്യസംഘം എന്നിവരുടെ ആത്മാർത്ഥമായ കൂട്ടായ്മ കൊണ്ടാണ് വന്ദേ ഭാരതിലൂടെ ജീവനുള്ള ഹൃദയം കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞത്. ഒരു മനുഷ്യജീവൻ രക്ഷിക്കുക എന്നത് ഞങ്ങളുടെ കടമ മാത്രമല്ല, ഏറ്റവും വലിയ കർത്തവ്യം കൂടിയാണ്,” എന്ന് അദ്ദേഹം വ്യക്തമാക്കി.

അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് റെയിൽവേ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ വലിയൊരു മുന്നേറ്റമാണ് ഈ സംഭവം. വേഗതയ്ക്കും സമയനിഷ്ഠയ്ക്കും പേ കേട്ട വന്ദേ ഭാരത് തീവണ്ടി, അടിയന്തര ഘട്ടങ്ങളിൽ അവയവങ്ങൾ സുരക്ഷിതമായി ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കാൻ ഏറ്റവും അനുയോജ്യമാണെന്ന് ഇതിലൂടെ തെളിഞ്ഞു. യാത്രക്കാരെയും ചരക്കുകളെയും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനൊപ്പം, ജീവൻ രക്ഷിക്കാനുള്ള നിർണായക നിമിഷങ്ങളിലും വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു പങ്കാളിയായി ഇന്ത്യൻ റെയിൽവേ മാറുകയാണ്.

You may also like