മുംബൈ: പ്രതീക്ഷ ഫൗണ്ടേഷന്റെ വാർഷികാഘോഷങ്ങളോട് അനുബന്ധിച്ച് വസായിൽ സാഹിത്യ ശിൽപ്പശാലയും രചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 16-ന് ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വസായ് റോഡ് വെസ്റ്റിലുള്ള ബി.കെ.എസ്. സ്കൂളിലാണ് പരിപാടി. പ്രമുഖ സാഹിത്യകാരൻ വി.ആർ. സുധീഷ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ സി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും.
ശിൽപ്പശാലയുടെ ഭാഗമായി കവിത, ചെറുകഥ രചനാ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ചെറുകഥകൾ ഒറ്റപ്പുറത്ത് മാത്രം എഴുതിയതും പരമാവധി 15 പേജിൽ കവിയാത്തതുമായിരിക്കണം. രചനകൾ ജൂലൈ 30-നകം താഴെ പറയുന്ന വിലാസത്തിൽ ലഭിക്കണം: ഷോപ്പ് നമ്പർ 1, ഗ്രീൻ പാർക്ക്, ശാസ്ത്രി നഗർ, വസായ് വെസ്റ്റ് – 401202. മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 5001 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3001 രൂപയും പ്രശസ്തിപത്രവും സമ്മാനമായി നൽകും.
രാജേന്ദ്രൻ കുറ്റൂർ, എ.എം. ദിവാകരൻ, ഇ. ഹരീന്ദ്രനാഥ് എന്നിവർ കൺവീനർമാരായ വിവിധ കമ്മിറ്റികളാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.