സിരകളിൽ ഫുട്ബോൾ തീ, മനസ്സിൽ നാടിന്റെ ഓർമ്മകൾ; മായാനഗരിയിലെ ഉറക്കമില്ലാത്ത ലോകകപ്പ് രാവുകളുമായി മുംബൈ മലയാളികൾ

by admin

മുംബൈ: നഗരം ഉറങ്ങുമ്പോഴും ഉണർന്നിരിക്കുന്ന ചില കോണുകളുണ്ട് ഈ മഹാനഗരത്തിൽ. ലോക്കൽ ട്രെയിനുകളുടെ ശബ്ദകോലാഹലങ്ങൾ മന്ദഗതിയിലാകുന്ന അർദ്ധരാത്രികളിലും, അറബിക്കടലിൽ നിന്ന് വീശുന്ന തണുത്ത കാറ്റിലും ഇപ്പോൾ ഒരേയൊരു ചൂട് മാത്രം—അത് ലോകകപ്പിന്റെ പുൽമൈതാനങ്ങളിൽ നിന്ന് പടരുന്ന ഫുട്ബോൾ ജ്വരത്തിന്റേതാണ്. മുംബൈയിലെ പ്രവാസി മലയാളികൾക്ക് ഇത് വെറുമൊരു കളി മാത്രമല്ല; ഉറക്കമില്ലാത്ത രാവുകളും നെഞ്ചിടിപ്പിന്റെ നിമിഷങ്ങളും നിറഞ്ഞ ഒരു മഹാ ഉത്സവമാണ്. മുംബൈ മലയാളിക്ക് ഫുട്ബോൾ എന്നത് എത്രത്തോളം വലിയ ആവേശമാണെന്ന് തെളിയിക്കുന്നതാണ് ഈ ലോകകപ്പ് കാലം.

ടെലിവിഷൻ സ്‌ക്രീനുകളിൽ നിന്ന് വലിയ എൽഇഡി സ്‌ക്രീനുകളിലേക്ക്

വീടുകളിലെ ടെലിവിഷൻ സ്‌ക്രീനുകളിൽ ഒതുങ്ങുന്നതല്ല മുംബൈ മലയാളിയുടെ ഫുട്ബോൾ പ്രണയം. കഴിഞ്ഞ ലോകകപ്പ് കാലത്ത് ന്യൂ ബോംബേ കേരളീയ സമാജം (NBKS) നെരൂൾ പോലുള്ള പ്രമുഖ സാംസ്കാരിക സാമൂഹ്യ സംഘടനകൾ ഒരുക്കിയ ആവേശം പ്രവാസികൾ മറന്നിട്ടില്ല. നെരൂളിൽ കൂറ്റൻ ലൈവ് എൽഇഡി ബിഗ് സ്‌ക്രീനുകൾ സ്ഥാപിച്ച്, സെമിഫൈനൽ-ഫൈനൽ മത്സരങ്ങൾ കൂട്ടമായി കാണാൻ നൂറുകണക്കിന് ആളുകൾക്ക് അവസരമൊരുക്കിയത് വലിയ സംഭവമായിരുന്നു. ഒരു മിനി സ്റ്റേഡിയത്തിന്റെ പ്രതീതി ജനിപ്പിച്ച അത്തരം ഒത്തുചേരലുകൾക്ക് ഇത്തവണയും മുംബൈയിൽ ഒട്ടും കുറവില്ല. കെ.എം.സി.സി (KMCC) പോലുള്ള പ്രമുഖ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും ഇത്തരം കളി കാണൽ മത്സരങ്ങളും വലിയ സ്ക്രീൻ പ്രദർശനങ്ങളും സജീവമായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

വാട്സാപ്പ് ഗ്രൂപ്പുകളിൽ പാതിരാത്രിയിലെ പോരാട്ടങ്ങൾ

നഗരത്തിലെ വാട്സാപ്പ് കൂട്ടായ്മകളായ ‘മലയാളി ചാറ്റ്’, ‘ഫ്രണ്ട്സ് ഓഫ് ഇപ്റ്റ (IPTA)’ തുടങ്ങിയ ഗ്രൂപ്പുകളിലേക്ക് കണ്ണോടിച്ചാൽ ഈ ആവേശത്തിന്റെ നേർക്കാഴ്ച നേരിട്ടറിയാം. പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും നാല് മണിക്കും ഒക്കെ ഫോൺ സ്ക്രീനുകളിൽ നോട്ടിഫിക്കേഷനുകൾ കിലുകിലാ മിന്നിമറയുകയാണ്. കളി കണ്ട് ഉറക്കം വരാത്ത കണ്ണുകളുമായി, തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾക്കായി വാദിച്ചും ജയപരാജയങ്ങൾ പ്രവചിച്ചും സജീവമാകുന്ന നിമിഷങ്ങൾ.

കളി പുരോഗമിക്കുമ്പോൾ ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചകൾ കണ്ടാൽ ഏതൊരു ഫുട്ബോൾ പ്രേമിയുടെയും ചോര തിളയ്ക്കും. നർമ്മരസകരമായ സംഭാഷണങ്ങളും ട്രോളുകളും കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കാലുവാരിയാണ് ഗ്രൂപ്പുകൾ സജീവമാകുന്നത്.

​”നിങ്ങളുടെ ഡിഫൻസ് പാളിയല്ലോ അജിത്തേ …”, “ആ പെനാൽറ്റി ചതിച്ചതാണ് ബോസ്സ്..”, ” കളി കഴിയുമ്പോൾ കാണാം ആരുടെ കൊടിയാണ് താഴുക എന്ന്…”

ഗോൾ അടിക്കാൻ പോയിട്ട് ബോക്സിന്റെ അടുത്ത് പോലും എത്താൻ പറ്റാത്ത ചില ടീമുകളുടെ കളി കണ്ട് സഹികെട്ട്, “ദക്ഷിണാഫ്രിക്ക: എന്തിനോ തിളയ്ക്കുന്ന സാമ്പാർ!” എന്ന് ഗ്രൂപ്പിൽ ആരോ ഒരാൾ ട്രോളുമ്പോൾ മറുപക്ഷത്തുനിന്നുള്ള കൗണ്ടർ വരും.

​വിങ്ങിലൂടെയുള്ള മുന്നേറ്റം കണ്ട് നെഞ്ചിടിപ്പോടെ, “മിഥുനത്തിലെ ഇന്നസെന്റിനെപ്പോലെ ഒറ്റ നിൽപ്പാണ്… അനങ്ങാതെ…” എന്ന് ടെൻഷൻ അടിച്ചിരിക്കുന്ന സുഹൃത്തിന്റെ കമന്റ് കൂടിയാകുമ്പോൾ ഗ്രൂപ്പിൽ ചിരി പൂരം.

കളിയുടെ ആവേശം അതിരുകടക്കുമ്പോൾ ഗ്രൂപ്പിലെ സാഹിത്യകാരന്മാരെ ഉണർത്താൻ എന്നോണം ചിലരുടെ വക ചോദ്യമുയരും—”ആരെങ്കിലും ഗ്യാലറിയിലിരുന്ന് ഒരു ഫുട്ബോൾ കവിത എഴുതു… ഇതിൽ ഒരു കവി പോലും ഇല്ലേ?”

ഇങ്ങനെയുള്ള സരസമായ വാഗ്വാദങ്ങളും തമാശരൂപേണയുള്ള ഡിജിറ്റൽ ട്രോളുകളും കൊണ്ട് വാട്സാപ്പ് ഗ്രൂപ്പുകൾ അക്ഷരാർത്ഥത്തിൽ ഒരു മിനി സ്റ്റേഡിയമായി മാറിയിരിക്കുകയാണ്. പരസ്പരം ട്രോളിയും, കളിയിലെ തന്ത്രങ്ങൾ കീറിമുറിച്ച് പരിശോധിച്ചും മലയാളി കൂട്ടായ്മകൾ ഈ ലോകകപ്പ് കാലം അവിസ്മരണീയമാക്കുകയാണ്. വർഷങ്ങളായി മുംബൈയിൽ ജീവിക്കുന്ന മുതിർന്നവർ മുതൽ പുതിയ തലമുറയിലുള്ളവരും ഈ പാതിരാത്രി ചർച്ചകളിൽ ഒരുപോലെ പങ്കാളികളാകുന്നു.


ചാറ്റേഴ്‌സ് കപ്പ്: അർദ്ധരാത്രിയിലെ ചർച്ചകളിൽ നിന്ന് പിറന്ന ഫുട്ബോൾ വസന്തം

രാത്രികാലങ്ങളിലെ ഈ ഡിജിറ്റൽ വാഗ്വാദങ്ങളെയും ഫുട്ബോൾ ചർച്ചകളെയും അത്ര നിസാരമായി തള്ളിക്കളയാൻ കഴിയില്ല. കാരണം, അർദ്ധരാത്രിയിലെ സജീവമായ ഒരു സോഷ്യൽ മീഡിയ ചർച്ചയിൽ നിന്നാണ് മുംബൈ മലയാളി പ്രവാസ ലോകത്തെ ആവേശത്തിലാഴ്ത്തിയ ‘ചാറ്റേഴ്‌സ് കപ്പ്’ (Chatters Cup) എന്ന ഫുട്ബോൾ ടൂർണമെന്റ് ജന്മമെടുത്തത്. കളിയോടുള്ള അടങ്ങാത്ത പ്രണയം വെറും വാചകക്കസർത്തുകളിൽ ഒതുക്കാതെ, അവർ കളിമുറ്റത്തേക്ക് പറിച്ച് നടുകയായിരുന്നു. ഇതിനകം തന്നെ പ്രവാസികളെ ആവേശം കൊള്ളിച്ചുകൊണ്ട് ചാറ്റേഴ്‌സ് കപ്പിന്റെ രണ്ട് വിജയകരമായ എഡിഷനുകളാണ് മുംബൈയിൽ അരങ്ങേറിയത്. ഫുട്ബോൾ എന്ന വികാരത്തെ നെഞ്ചേറ്റി, പരസ്പരം സൗഹൃദം പങ്കിടാനും ഒത്തുചേരാനുമായി ഒട്ടനവധി മലയാളികളാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഈ ടൂർണമെന്റിന്റെ ഭാഗമായി മൈതാനങ്ങളിലേക്ക് ഒഴുകിയെത്തിയത്

​പ്രതീക്ഷകളും പ്രവാസിയുടെ സ്വപ്നങ്ങളും

കേരളത്തിലെ ഗ്രാമങ്ങളിൽ കാണുന്ന കട്ടൗട്ട് സംസ്കാരവും ഫ്ലെക്സ് യുദ്ധങ്ങളും മുംബൈയിൽ അത്രകണ്ട് കാണാൻ ഇടയില്ലെങ്കിലും കഠിനമായ ജോലിത്തിരക്കുകൾക്കിടയിലും കളി കാണാൻ സമയം കണ്ടെത്തുന്ന മുംബൈ മലയാളികൾക്ക്, ഫുട്ബോൾ എന്നത് തങ്ങളുടെ നാടിനെയും പഴയകാല സൗഹൃദങ്ങളെയും തിരിച്ചുപിടിക്കാനുള്ള ഒരു മാധ്യമം കൂടിയാണ്. തങ്ങളുടെ പ്രിയപ്പെട്ട ടീം കപ്പടിക്കുമെന്ന പ്രതീക്ഷയും, പ്രവചനങ്ങളും, ഒപ്പം ഫുട്ബോളിനോടുള്ള അടങ്ങാത്ത പ്രണയവും ഒത്തുചേരുന്നതാണ് ഈ ലോകകപ്പ് കാലം.

​ഈ ആവേശത്തിന്റെ നേർക്കാഴ്ചകളിലേക്ക്, മുംബൈ മലയാളികളുടെ മനസ്സിലിരിപ്പിലേക്ക്… നഗരത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖ ഫുട്ബോൾ പ്രേമികളുടെയും നിരീക്ഷകരുടെയും പ്രതികരണങ്ങൾ താഴെ വായിക്കാം:

2010-ൽ, പന്ത്രണ്ടാം വയസ്സിൽ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പത്തു കിലോമീറ്ററോളം യാത്ര ചെയ്താണ് ഞാൻ ആദ്യമായി ലോകകപ്പ് കാണുന്നത്. അന്നു തുടങ്ങിയതാണ് ലയണൽ മെസ്സിയെന്ന നാമത്തോടുള്ള അടുപ്പം. കാൽപ്പന്തുകളിയോടുള്ള ഇഷ്ടം എന്നെ മെസ്സിയുടെ കടുത്ത ആരാധകനാക്കി മാറ്റി.

2014 ലോകകപ്പ് ഫൈനലിലെ തോൽവി വലിയ വിഷമമുണ്ടാക്കിയെങ്കിലും, അദ്ദേഹത്തിന്റെ സമർപ്പണത്തിൽ ഞാൻ പ്രത്യാശ അർപ്പിച്ചു. ഒടുവിൽ 2022-ൽ മെസ്സി ലോകകിരീടം ഉയർത്തിയപ്പോൾ ജീവിതത്തിലെ വലിയൊരു സ്വപ്നസാഫല്യമാണ് അനുഭവപ്പെട്ടത്. അന്ന് ഖത്തറിലും, 2022-ലെയെന്നപോലെ ഇന്ന് 2026-ലെ ഈ ലോകകപ്പ് കാലത്തും പ്രിയ താരത്തിനായി മുംബൈ സി.എസ്.ടി.യിൽ ഫ്ലെക്സുകൾ സ്ഥാപിച്ച് കാൽപ്പന്ത് മാമാങ്കത്തിൽ പങ്കാളിയാകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്.

ഫയാസ്
(മുംബൈ സി.എസ്.ടി, സൊസൈറ്റി ഹോട്ടൽ ജീവനക്കാരൻ)

1978, 1982 ലോകകപ്പുകളുടെ പത്രവാർത്തകളിലൂടെയാണ് ഫുട്ബോൾ ആവേശം ആദ്യമായി മനസ്സിലെത്തിയത്. ടെലിവിഷൻ വ്യാപകമല്ലാതിരുന്ന 1986-ൽ, റേഡിയോ കമന്ററിയിലൂടെയാണ് അർജന്റീന–പശ്ചിമ ജർമ്മനി ഫൈനലിന്റെ ആവേശവും മറഡോണയെന്ന ഇതിഹാസത്തിന്റെ ഉദയവും അറിഞ്ഞത്. 1990-ൽ ദൂരദർശനിലൂടെ മത്സരങ്ങൾ കൺമുന്നിലെത്തിയതോടെ സുഹൃത്തുക്കൾക്കൊപ്പം ഉറക്കമിളച്ചിരുന്ന് കളി കാണലായി.

കാലത്തിനനുസരിച്ച് സാങ്കേതികവിദ്യയും കളിയുടെ ശൈലിയും മാറിയെങ്കിലും ലോകകപ്പ് നൽകുന്ന ലഹരിക്ക് മാറ്റമില്ല. പിന്നീട് മുംബൈയിലേക്ക് ചേക്കേറിയെങ്കിലും, ഒരു ‘മുംബൈ മലയാളി’ എന്ന നിലയിൽ പ്രവാസ ജീവിതത്തിലും ആ ഫുട്ബോൾ ഭ്രാന്തിനും കളികാണൽ ആവേശത്തിനും ഇന്നും ഒട്ടും കുറവ് വന്നിട്ടില്ല.

ബിജു കോമത്
(ഇൻ്റലക്ച്വൽ പ്രോപ്പർട്ടി വിദഗ്ദ്ധൻ / കൺസൾട്ടൻ്റ്)

തൊണ്ണൂറുകളുടെ തുടക്കത്തിൽ കൺമുന്നിലെത്തിയ ഫുട്ബോൾ, 1994-ഓടെ ഒരു ലഹരിയായി മാറുകയായിരുന്നു. ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ താളം മൈതാനങ്ങളിൽ പകർന്നാടിയ ബാറ്റിസ്റ്റ്യൂട്ടയും ഒർട്ടേഗയുമാണ് അർജന്റീനയെ എന്റെ പ്രിയപ്പെട്ട ടീമാക്കിയത്.

ജീവിതമാർഗ്ഗം തേടി മുംബൈയിലെത്തിയപ്പോഴും ഫുട്ബോൾ സിരകളിലുണ്ടായിരുന്നു. മുറിയിൽ ടെലിവിഷൻ ഇല്ലാതിരുന്ന ബാച്ചിലർ കാലത്ത്, 2006 ലോകകപ്പ് മത്സരങ്ങൾ കാണാനായി അർദ്ധരാത്രികളിൽ കോപ്പർ ഖൈർണെയിൽ നിന്നും സുഹൃത്തിന്റെ വീട്ടിലേക്ക് കൂട്ടുകാർക്കൊപ്പം നടന്നുപോയത് ഇന്നും മനോഹരമായ ഓർമ്മയാണ്. സോഷ്യൽ മീഡിയയിലെ കളിവിശകലനങ്ങളും വൻകിട ടീമുകളുടെ കളിമികവും കുഞ്ഞുരാജ്യങ്ങളുടെ അട്ടിമറി മുന്നേറ്റങ്ങളും ഈ ലോകകപ്പിനെയും ആവേശകരമാക്കുന്നു. നാടും നഗരവും മറന്ന് ഒരേ ഭാഷയിൽ സംവദിക്കാൻ കഴിയുന്ന അതിരുകളില്ലാത്ത ലോകമാണ് ഫുട്ബോൾ.

ഷാബു ഭാർഗവൻ
(ഇൻ്റീരിയർ ഡിസൈനർ)

ക്രിക്കറ്റ് കുടുംബമായിരുന്ന ഞങ്ങളിലേക്ക് ഫുട്ബോൾ ഭ്രാന്തനായ മകന്റെ വരവോടെയാണ് ഈ കളി ഒരു വികാരമായി മാറിയത്. 2022-ൽ ഖത്തറിന്റെ മണ്ണിൽ ലയണൽ മെസ്സി ലോകകിരീടം ഉയർത്തിയ ആ അവിസ്മരണീയ രാത്രിയാണ് ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ച.

അത്ഭുതങ്ങൾ നിറഞ്ഞതാണ് മെസ്സിയുടെ കരിയർ. 2006 ജൂൺ 16-ന് സെർബിയക്കെതിരെ ആദ്യ ലോകകപ്പ് ഗോൾ നേടി അർജന്റീനയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾസ്കോററായ മെസ്സി, കൃത്യം ഇരുപത് വർഷങ്ങൾക്ക് ശേഷം, 2026 ജൂൺ 16-ന് അൾജീരിയക്കെതിരെ വലകുലുക്കി രാജ്യത്തിന്റെ ഏറ്റവും പ്രായം കൂടിയ ഗോൾസ്കോററായും മാറി. കാലം കരുതിവെച്ച ഈ അപൂർവ നിയോഗം തന്നെയാണ് ഫുട്ബോളിന്റെ സൗന്ദര്യം. ആ നീലയും വെള്ളയും ജേഴ്സിയിൽ മെസ്സി വീണ്ടും ലോകകപ്പ് ഉയർത്തുന്ന നിമിഷത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

സുമലത
(സാംസ്‌കാരിക പ്രവർത്തക)

കുട്ടിക്കാലത്ത് അച്ഛനൊപ്പം കളി ആസ്വദിച്ചു തുടങ്ങിയ കാലം മുതലുള്ളതാണ് ലോകകപ്പിനോടുള്ള എന്റെ ആരാധന. പുലരുവോളം കളി കണ്ടിരുന്ന അക്കാലത്ത് ഒട്ടുമിക്ക കളിക്കാരുടെ പേരും ജേഴ്സി നമ്പറും മനപ്പാഠമായിരുന്നു. പിന്നീട് ജീവിത പ്രാരാബ്ധങ്ങളുടെ ഓട്ടപ്പാച്ചിലിനിടയിൽ ഫുട്ബോൾ ആരവങ്ങൾ അല്പം അകന്നുപോയി.

എങ്കിലും നാലുവർഷം കൂടുമ്പോഴെത്തുന്ന ലോകകപ്പ് ഇന്നും മനസ്സിൽ അതേ ആവേശം നിറയ്ക്കുന്നു. കളിയാകുമ്പോൾ ടിവിക്ക് മുന്നിൽ ഞാനും മകളും ഇടംപിടിക്കും. അതോടൊപ്പം വാട്സാപ്പ് ഗ്രൂപ്പുകളിൽ ചർച്ചകളും തത്സമയ വിലയിരുത്തലുകളുമായി പുലരുവോളം ആരാധകരും സജീവമാകും. വൻകരകൾക്കപ്പുറം പുൽത്തകിടിയിൽ ഇന്ദ്രജാലക്കാർ പന്തുതട്ടുമ്പോൾ നമ്മളിലും അറിയാതെ ആവേശം അണപൊട്ടിയൊഴുകും.

ഷാജി ഭാർഗവൻ
(റിയൽ എസ്റ്റേറ്റ് കൺസൾട്ടൻ്റ്)

ഫുട്ബോൾ എന്നത് മലയാളിയുടെ സിരകളിൽ പടർന്നുകയറിയ ഒരു വികാരമാണ്. ഇന്ത്യ ലോകകപ്പ് കളിക്കുന്നില്ലായിരിക്കാം, പക്ഷേ ലോകകപ്പ് വേദിയിലെത്തുന്ന ഓരോ ദേശത്തിന്റെയും ഭാഷയുടെയും വികാരങ്ങൾ സ്വന്തം നെഞ്ചിലേറ്റാൻ മലയാളിക്ക് മടിയുമില്ല. ആ നാളുകളിൽ അവർ പൂർണ്ണമായും ആ ദേശക്കാരായി പരിവർത്തനം ചെയ്യപ്പെടുന്നു; ലോകകപ്പ് ഒരു ശരാശരി മലയാളിക്ക് സമ്മാനിക്കുന്ന ഏറ്റവും മനോഹരമായ അവസ്ഥയും ഇതുതന്നെയാണ്.

നാട്ടിൻപുറങ്ങളിലെ കവലകളും കളിക്കളങ്ങളും മെസ്സിയുടെയും റൊണാൾഡോയുടെയും നെയ്മറുടെയും എംബാപ്പെയുടെയും കട്ടൗട്ടുകളാൽ നിറയുന്ന ആവേശക്കാഴ്ച മലയാളിക്ക് ഒരു ലോകകപ്പ് മഹോത്സവം തന്നെയാണ്. മഹാനഗരങ്ങളിലും ഈ ഫുട്ബോൾ ജ്വരം ഒട്ടും കുറവല്ല. ആളുകൾ ചേരിതിരിഞ്ഞും പന്തയം വെച്ചും ഈ കാൽപ്പന്തുത്സവത്തെ നെഞ്ചിലേറ്റുന്നു.

ലോകകപ്പ് നടക്കുന്നത് ഒരുപക്ഷേ ഭൂമിയുടെ മറുപുറത്തുള്ള മറ്റേതെങ്കിലും ഭൂഖണ്ഡത്തിലാകാം. എങ്കിലും, അത് സ്വന്തം ഹൃദയങ്ങളിൽ തന്നെയാണ് നടക്കുന്നതെന്ന പ്രതീതി ജനിപ്പിക്കാൻ ഓരോ ലോകകപ്പിനും സാധിക്കുന്നുണ്ട്. മലയാളികൾ അതേ ആവേശത്തോടെ തന്നെയാണ് ഇതിനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നത്. പന്തുരുളുന്നത് ലാറ്റിനമേരിക്കയിലോ വടക്കേ അമേരിക്കയിലോ ആകാം, പക്ഷേ ഇവിടെ അത് മലയാളിയുടെ ഹൃദയങ്ങളിലാണ്.

സിബി സത്യൻ
(മാധ്യമ പ്രവർത്തകൻ )

​ലോകം ഏറ്റവും കൂടുതൽ നെഞ്ചിലേറ്റുന്ന ഫുട്ബോൾ മാമാങ്കമായ ഫിഫ ലോകകപ്പിന് തുടക്കം കുറിച്ചിട്ട് ഇപ്പോൾ 96 വർഷങ്ങൾ പിന്നിടുന്നു. 1930-ലെ കന്നി പോരാട്ടത്തിൽ ഉറുഗ്വേയാണ് ആദ്യമായി കിരീടം ചൂടിയത്.

ചരിത്രതാളുകൾ പിന്നിട്ട് 2026-ലെ ലോകകപ്പിൽ എത്തിനിൽക്കുമ്പോൾ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച്, ജെയിംസ് റോഡ്രിഗസ്, നെയ്മർ ജൂനിയർ തുടങ്ങിയ ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ് പോരാട്ടത്തിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്. മൈതാനങ്ങളോട് അവർ വിടപറഞ്ഞാലും ആരാധക ഹൃദയങ്ങളിൽ നിന്ന് ഈ നാമങ്ങൾ ഒരിക്കലും പടിയിറങ്ങില്ല. കാൽപ്പന്തുകളിയുടെ വിപ്ലവം ഇനിയും തുടരട്ടെ!

​വേദ് നിരഞ്ജൻ
(വിദ്യാർത്ഥി )

ഓർമ്മവെച്ച നാൾ മുതൽ കൂടെയുള്ളതാണ് ഫുട്ബോൾ ഭ്രാന്ത്. വരണ്ടുണങ്ങിയ പാടങ്ങളിൽ മണ്ണിൽ നാട്ടിയ കമ്പുകൾക്കിടയിലെ സങ്കൽപ്പ ഗോൾപോസ്റ്റുകളിലേക്ക് ഓലപ്പന്തുമായി പാഞ്ഞുകയറിയ സെവൻസ് മത്സരങ്ങളായിരുന്നു ഞങ്ങളുടെ ആദ്യ ലോകകപ്പ് വേദികൾ. ഒത്ത അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ ബാജിയോയും റൊണാൾഡിഞ്ഞോയും സത്യനുമൊക്കെയാകേണ്ട പ്രതിഭകളായിരുന്നു കൂടെക്കളിച്ച സുഹൃത്തുക്കൾ.

നാലുവർഷത്തിലൊരിക്കൽ എത്തുന്ന ലോകകപ്പ് മാമാങ്കങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിലാണ് അരങ്ങേറുന്നത്. അർദ്ധരാത്രികളിലെ ഉറക്കമിളച്ചുള്ള കളി കാണലുകൾ, ഇന്ന് കൂടെയില്ലാത്ത, കളി കാണാൻ പഠിപ്പിച്ചുതന്ന പ്രിയപ്പെട്ടവർക്കുള്ള ഓർമ്മപ്പൂക്കൾ കൂടിയാണ്. ഫുട്ബോൾ എന്നാൽ കേവലം ഗോളുകളോ മെസ്സിയും എംബാപ്പെയുമടങ്ങുന്ന താരങ്ങളോ മാത്രമല്ല; ഒടുങ്ങാത്ത ആവേശവും ആഘോഷവും ഒരിയ്ക്കലും അടങ്ങാത്ത ജീവിതോന്മാദവുമാണ്.

സുനിത ഏഴുമാവിൽ
(നിയമാദ്ധ്യാപിക)

അച്ഛനൊപ്പം ലോകകപ്പ് കണ്ടാണ് ഞാൻ വളർന്നത്. 2010 ലോകകപ്പോടെ കടുത്ത മെസ്സി ആരാധകയായി. അന്ന് ജർമനിയോടുള്ള തോൽവിക്ക് പിന്നാലെ സുഹൃത്തുമായുള്ള ബെറ്റിൽ തോറ്റത് ഇന്നും ചിരിയുണർത്തുന്ന ഓർമ്മയാണ്. മെസ്സി കാരണമാണ് പിന്നീട് ബാഴ്സലോണ, പി.എസ്.ജി ക്ലബ്ബ് മത്സരങ്ങൾ ഞാൻ പിന്തുടർന്നത്. ഹോസ്റ്റൽ ജീവിതത്തിനിടയിൽ പത്രങ്ങളിലൂടെ മാത്രം വിവരങ്ങളറിഞ്ഞ 2014-ലെ ഫൈനൽ തോൽവി വലിയ സങ്കടമായിരുന്നു.

എന്നാൽ, ഖത്തർ ലോകകപ്പ് മറക്കാനാകാത്ത നിമിഷങ്ങളാണ് സമ്മാനിച്ചത്. അച്ഛനും അനിയത്തിക്കും അമ്മാവനുമൊപ്പം ഒരേ മനസ്സോടെ അർജന്റീനയ്ക്കായി ആർത്തുവിളിച്ചു. ഒടുവിൽ മെസ്സി കനകക്കിരീടം ചൂടിയപ്പോൾ ആനന്ദക്കണ്ണീരൊഴുക്കാതിരിക്കാൻ എനിക്കായില്ല. എക്കാലത്തെയും മികച്ച താരം ആരാണെന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ കാണുമെങ്കിലും, എന്നെ സംബന്ധിച്ച് ആ സിംഹാസനത്തിൽ എന്നും മെസ്സി മാത്രമായിരിക്കും.

ഡോ.ഗായത്രി ലാൽ

ഫുട്ബോൾ സമ്പന്നരുടെ കളി മാത്രമല്ല, പാവപ്പെട്ടവന്റെയും കൂടിയാണ്. ഇന്ത്യയിലെ ഒരു ജില്ലയിലെ ജനസംഖ്യ പോലുമില്ലാത്ത ചെറിയ രാജ്യങ്ങൾ പോലും ലോകത്തിന്റെ ഹൃദയം കീഴടക്കുന്നത് ഇവിടെയാണ്. ജാതി-മത-വർഗ്ഗ വ്യത്യാസങ്ങളില്ലാത്ത ഒത്തൊരുമയുടെ മാനവസംസ്കാരമാണ് ഫുട്ബോൾ മൈതാനങ്ങളിൽ ഉയരുന്നത്.

എന്നാൽ, ഇങ്ങനെയൊരു ലോകോത്തര മത്സരം ഇന്ത്യയിൽ തത്സമയം കാണിക്കാൻ പോലും തയാറാകാത്ത ബ്രോഡ്കാസ്റ്റിങ് ഭീമന്മാരുടെ കായികസംസ്കാരം തിരിച്ചറിയാൻ ഈ ലോകകപ്പ് കാരണമായി. അന്താരാഷ്ട്ര മത്സരങ്ങൾക്ക് പോകുമ്പോൾ കുടുംബത്തെ കൂടെക്കൂട്ടാൻ അനുവദിക്കാത്തതിന് കലാപമുണ്ടാക്കുന്ന താരങ്ങളുടെ കളിയാണല്ലോ ഇന്ന് നമ്മുടെ നാട്ടിലെ പ്രധാന കായികവിനോദം! എങ്കിലും ഈ ലോകത്ത് ബാക്കിയുള്ള അതിസുന്ദരമായ കാര്യങ്ങളിൽ ഒന്നാണ് ഫുട്ബോൾ.

നെല്ലൻ ജോയ്
(രാഷ്ട്രീയ പ്രവർത്തകൻ )

കാൽപന്തുകളിയിൽ ലക്ഷ്യം വിജയം മാത്രമാണ്. എന്നാൽ, ആധുനിക ക്ലബ്ബ് ഫുട്ബോളിലെ സഹവാസം കാരണം കളിരഹസ്യങ്ങൾ ചോരുന്നത് ലോകകപ്പിൽ പല പ്രമുഖ ടീമുകൾക്കും വെല്ലുവിളിയാകുന്നു. മെസ്സി, എംബാപ്പെ, വിനീഷ്യസ്, ബെല്ലിങ്ഹാം, യമാൽ, മുസിയാല, റൊണാൾഡോ തുടങ്ങിയ വമ്പന്മാർ ആരാധകരുടെ വാനോളമുള്ള പ്രതീക്ഷകളുടെ സമ്മർദ്ദത്തിലാണ് കളിക്കുന്നത്.

മറുഭാഗത്ത്, കഠിനപ്രയത്നത്തിലൂടെ കന്നിയങ്കത്തിനിറങ്ങുന്ന ഉസ്ബെകിസ്ഥാൻ, ജോർദാൻ, കുറകാവോ, കേപ് വെർഡെ തുടങ്ങിയ ടീമുകളുമുണ്ട്. സൂപ്പർതാരങ്ങൾ സമ്മർദ്ദത്തിൽ ഉഴറുമ്പോൾ, നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ഇവർ വഴങ്ങുന്ന ഗോളുകൾക്കിടയിലും ഒരെണ്ണം തിരിച്ചടിക്കുമ്പോൾ പ്രകടിപ്പിക്കുന്ന ആഹ്ലാദമാണ് ഫുട്ബോളിന്റെ യഥാർത്ഥ സൗന്ദര്യം. ഞാൻ കടുത്ത അർജന്റീന ആരാധകനാണെങ്കിലും, ലോകഭൂപടത്തിൽ ഇടംപിടിക്കാൻ പോരാടുന്ന ഈ കന്നിക്കാരോട് എനിക്ക് പ്രത്യേക സ്നേഹമുണ്ട്.

അജിത് ശങ്കരൻ
(സംഘാടകൻ, എഴുത്തുകാരൻ)

കോളേജ് കാലം മുതൽ ഫുട്ബോൾ നെഞ്ചിലേറ്റിയ എനിക്ക്, അച്ഛനും സഹോദരിക്കും അമ്മാവനുമൊപ്പം പാതിരാത്രികളിൽ പ്രിയ ടീമുകൾക്കായി ആർത്തുവിളിച്ച് ലോകകപ്പ് മത്സരങ്ങൾ കണ്ടതാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ. കളിപ്രാന്തന്മാരായ സുഹൃത്തുക്കളുടെ ആവേശഭരതമായ ചർച്ചകളും തർക്കങ്ങളുമാണ് എന്നിലെ ഫുട്ബോൾ പ്രേമത്തെ കൂടുതൽ വളർത്തിയത്.

ഒരുപാട് താരങ്ങളെ ആരാധിക്കുന്നുണ്ടെങ്കിലും ദശലക്ഷങ്ങളുടെ ആവേശമായ ലയണൽ മെസ്സിയാണ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരൻ. അർജന്റീനയാണ് എന്റെ പ്രിയ ടീമെങ്കിലും സൗത്ത് കൊറിയ, സ്പെയിൻ ടീമുകളെയും ഞാൻ പിന്തുണയ്ക്കുന്നു. ചുരുക്കത്തിൽ, കുടുംബത്തോടും സുഹൃത്തുക്കൾക്കുമൊപ്പം നിരവധി സുന്ദര നിമിഷങ്ങൾ സമ്മാനിച്ച ഫുട്ബോൾ ഇന്നും എന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ വലിയൊരു ഉറവിടമാണ്.

​ഡോ.ഗ്രീഷ്മ ലാൽ

നാട്ടിലെ പാടം തൊട്ട് മനസ്സിൽ കയറിയ ഫുട്ബോൾ ഭ്രാന്ത്, മുംബൈ നഗരത്തിലെ തിരക്കുകൾക്കിടയിലും ഒരിത്തിരി പോലും കുറഞ്ഞിട്ടില്ല. 1930-ൽ ഫിഫ പ്രസിഡന്റ് ജൂൾസ് റിമെയുടെ ആശയത്തിൽ ഉറുഗ്വേയിൽ പിറവികൊണ്ട ലോകകപ്പ് ചരിത്രത്തിൽ, കാൽപന്ത് കളിയിലെ താരരാജാക്കന്മാരായ അർജന്റീനയാണ് പ്രിയ ടീം. പഠനകാലത്ത് നാട്ടിലെ ക്ലബ്ബുകളിൽ നിറസാന്നിധ്യമായിരുന്ന എനിക്ക്, പ്രവാസലോകത്തും ഫുട്ബോൾ നെഞ്ചിടിപ്പാണ്.

രാത്രി വൈകിയാണ് മത്സരങ്ങളെന്ന വിഷമമുണ്ടെങ്കിലും, കളിയുടെ ആവേശത്തിൽ ആ ഉറക്കമിളയ്ക്കലിന് ഒരു പ്രത്യേക സുഖമുണ്ട്. അടുത്തിടെ ഇതിഹാസ താരം ലയണൽ മെസ്സിയെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നേരിൽ കാണാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു.

ഓരോ ലോകകപ്പ് വരുമ്പോഴും ജോലി ചെയ്യുന്ന ഹോട്ടലിലും സി.എസ്.ടി (CST) പരിസരത്തും ആവേശം പൂരപ്പറമ്പാകും. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പ്രിയ ടീമുകൾക്കായി കട്ടൗട്ടുകളും ഫ്ലെക്സുകളും ഉയർത്തുന്ന സന്തോഷം വാക്കുകൾക്ക് അപ്പുറമാണ്. മൈതാനത്തിലെ പുൽത്തകിടിയിൽ ചീറിപ്പായുന്ന പന്തുകൾ ഗോൾവലകളെ വിറപ്പിക്കുമ്പോൾ അത് കാണാനുള്ള ആവേശം പറഞ്ഞറിയിക്കാൻ കഴിയില്ല. കാലം മാറിയാലും മായാനഗരിയിലെ ഈ കട്ട കാൽപ്പന്ത് ക്രൈസ് ഇങ്ങനെ തന്നെ തുടരും!

നൗഷാദ് മിഹ്റാജ്
(ഫൗണ്ടൈൻ ഹൗസ് ഡോർമിറ്ററി
)

You may also like