മുംബൈ: മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിൽ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നു വീണ് അഞ്ച് ഭക്തർ മരിച്ചു. മാനവത് താലൂക്കിലെ യശ്‌വാദിയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ദുരന്തത്തിൽ 17 പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയായതിനാൽ ക്ഷേത്രത്തിൽ കനത്ത ഭക്തജനത്തിരക്കായിരുന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
അപകടസ്ഥലത്ത് അഞ്ച് വലിയ യന്ത്രങ്ങളും അമ്പതോളം ആംബുലൻസുകളും എത്തിച്ചാണ് അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയതെന്ന് തഹസിൽദാർ പാണ്ഡുരംഗ് മോച്ചെവാദ് വ്യക്തമാക്കി. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കുമെന്ന് ജില്ലാ ഗാർഡിയൻ മന്ത്രി മേഘ്ന ബോർഡിക്കർ അറിയിച്ചു.
രാജസ്ഥാനിൽ നിന്നുള്ള വലിയ പിങ്ക് നിറത്തിലുള്ള കല്ലുകൾ ഉപയോഗിച്ചായിരുന്നു ക്ഷേത്രനിർമാണം. താങ്ങിനായി നിർത്തിയിരുന്ന താൽക്കാലിക മരച്ചട്ടങ്ങൾ ഉൾപ്പെടെയാണ് ഭക്തരുടെ മേലേക്ക് പതിച്ചത്. നിർമാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ, പ്രദേശവാസികളുടെ അഭ്യർത്ഥന മാനിച്ചാണ് ഭക്തർക്കായി ക്ഷേത്രം തുറന്നുകൊടുത്തതെന്ന് മേഘ്ന ബോർഡിക്കർ കൂട്ടിച്ചേർത്തു.
ദുരന്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയത്. പർഭാനിയിലുണ്ടായ ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴമേറിയ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.