രത്നാഗിരി: മഹാരാഷ്ട്രയിലെ പ്രശസ്തമായ ഗണപതിപുലെ കടൽത്തീരത്ത് വിനോദസഞ്ചാരികളെ കണ്ണീരിലാഴ്ത്തി വൻ ദുരന്തം. കടലിൽ കുളിക്കാനിറങ്ങിയ വിനോദയാത്രാ സംഘത്തിലെ എട്ടുപേർ ശക്തമായ തിരമാലകളിൽപ്പെട്ട് ഒഴുക്കിൽപ്പെട്ടു. ഇതിൽ മൂന്നുപേരെ അതിസാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും അഞ്ചുപേരെ നിലവിൽ കടലിൽ കാണാതായിരിക്കുകയാണ്. ഛത്രപതി സംഭാജിനഗറിൽ നിന്നും വിനോദയാത്രയ്ക്കെത്തിയ 19 പേരടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാവിലെ പത്തു മണിയോടെ അപകടത്തിൽപെട്ടത്.
നാടിനെ നടുക്കിയ ദുരന്തത്തിലേക്ക് വഴിമാറിയത് കടലിലെ ആഴവും തിരമാലകളുടെ ശക്തിയും തിരിച്ചറിയാതെയുള്ള ഇറക്കമായിരുന്നു. ശനിയാഴ്ച രാവിലെ കടലിൽ വേലിയേറ്റമുള്ള സമയത്താണ് സംഘത്തിലെ ചിലർ കുളിക്കാനായി വെള്ളത്തിലിറങ്ങിയത്. എന്നാൽ കടൽ പെട്ടെന്ന് പ്രക്ഷുബ്ധമാവുകയും ശക്തമായ അടിയൊഴുക്കിൽപ്പെട്ട് എട്ടുപേർ ഒലിച്ചുപോവുകയുമായിരുന്നു. തീരത്തുണ്ടായിരുന്നവരുടെ നിലവിളി കേട്ട് പ്രാദേശിക മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡുമാരും ഉടൻ തന്നെ കടലിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തിയതിനാലാണ് മൂന്നുപേരുടെ ജീവൻ തിരിച്ചുപിടിക്കാനായത്.
കാണാതായ അഞ്ചുപേർക്കായി പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണ്. പ്രാദേശിക ഭരണകൂടം, പോലീസ്, ലൈഫ് ഗാർഡുകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ബോട്ടുകൾ ഉപയോഗിച്ചാണ് കടലിൽ തിരച്ചിൽ നടത്തുന്നത്. എന്നാൽ കടലിൽ നിലവിലുള്ള അതിശക്തമായ അടിയൊഴുക്കും വൻ തിരമാലകളും രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അപകടത്തിൽപെട്ട വിനോദസഞ്ചാരികളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.