ടിക്കറ്റില്ലാ യാത്രക്കാർ ജാഗ്രതൈ! കള്ളവണ്ടി യാത്രയ്ക്ക് റെയിൽവേയുടെ ‘പൂട്ട്’; പിഴ 500 രൂപയാക്കി ഉയർത്തി, പരിശോധന കർശനം

by WhatsUp Mumbai

മുംബൈ: മുംബൈ ലോക്കൽ ട്രെയിനുകളിൽ ടിക്കറ്റും പാസുമില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ കർശന നടപടികളുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റില്ലാത്ത യാത്രയ്ക്ക് ഈടാക്കിയിരുന്ന പിഴ തുക റെയിൽവേ ഇരട്ടിയായി വർദ്ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 250 രൂപ പിഴയാണ് ജൂൺ 20 മുതൽ 500 രൂപയായി ഉയർത്തിയത്. ടിക്കറ്റെടുക്കാത്ത പ്രവണത പൂർണ്ണമായും ഇല്ലാതാക്കാനും യാത്രക്കാരിൽ അച്ചടക്കം ഉറപ്പാക്കാനുമാണ് ഈ അടിയന്തര പരിഷ്കാരം.

പുതിയ നിയമപ്രകാരം പിഴ തുകയായ 500 രൂപയ്ക്ക് പുറമെ, യാത്രക്കാരൻ സഞ്ചരിച്ച ദൂരത്തിന്റെ കൃത്യമായ ടിക്കറ്റ് നിരക്ക് കൂടി അധികമായി ഈടാക്കും. ഇതോടെ ടിക്കറ്റില്ലാതെ പിടിക്കപ്പെടുന്നവരുടെ കീശ വൻതോതിൽ ചോരുമെന്നുറപ്പാണ്. യാത്രക്കാരുടെ തിരക്കേറിയ മുംബൈ ലോക്കൽ ശൃംഖലയിൽ ടിക്കറ്റില്ലാ യാത്രക്കാർ മൂലമുണ്ടാകുന്ന വരുമാന നഷ്ടം തടയാൻ സെൻട്രൽ, വെസ്റ്റേൺ റെയിൽവേ അധികൃതർ ടിക്കറ്റ് പരിശോധന ഇതിനകം കർശനമാക്കിയിട്ടുണ്ട്.

സ്റ്റേഷനുകളിലെ നീണ്ട ക്യൂ ഒഴിവാക്കി എളുപ്പത്തിൽ ടിക്കറ്റെടുക്കാൻ യുടിഎസ് (UTS) മൊബൈൽ ആപ്പ്, എടിവിഎം (ATVM) മെഷീനുകൾ തുടങ്ങിയ ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ റെയിൽവേ ഒരുക്കിയിട്ടുണ്ട്. അതിനാൽ യാത്രക്കാർ കൃത്യമായ ടിക്കറ്റോ പാസോ കൈവശം വെച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്ന് അധികൃതർ  ഓർമ്മിപ്പിക്കുന്നു.

You may also like