യാത്രക്കാർ അറിയാൻ: പേരിലുണ്ട് കാര്യം; എന്താണ് ജംഗ്ഷൻ, സെൻട്രൽ, ടെർമിനൽ? റെയിൽവേ സ്റ്റേഷനുകളുടെ തരംതിരിവ് ഇങ്ങനെ

by admin

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഗതാഗത സംവിധാനമായ ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കാത്ത യാത്രക്കാർ കുറവാണ്. എന്നാൽ, സ്ഥിരമായി യാത്ര ചെയ്യുന്നവർ പോലും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾക്കൊപ്പമുള്ള വാലറ്റപ്പുകൾ. ജംഗ്ഷൻ, സെൻട്രൽ, ടെർമിനൽ എന്നിവയാണ് പ്രധാന തരംതിരിവുകൾ. സ്റ്റേഷനുകളുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും ട്രെയിൻ സർവീസുകളുടെ രീതിയും കണക്കിലെടുത്താണ് റെയിൽവേ മന്ത്രാലയം ഈ പേരുകൾ നൽകിയിരിക്കുന്നത്. ഇവ തമ്മിലുള്ള കൃത്യമായ വ്യത്യാസങ്ങൾ പരിശോധിക്കാം.

സെൻട്രൽ സ്റ്റേഷൻ (Central Station)

ഒരു നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ മുഖ്യ റെയിൽവേ സ്റ്റേഷനെയാണ് ‘സെൻട്രൽ’ എന്ന് വിശേഷിപ്പിക്കുന്നത്. ഒന്നിലധികം സ്റ്റേഷനുകളുള്ള വൻനഗരങ്ങളിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ സ്റ്റേഷനായിരിക്കും ഇത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ദീർഘദൂര ട്രെയിനുകൾ ഭൂരിഭാഗവും സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ഇവിടെയായിരിക്കും. ഇന്ത്യയിലാകെ അഞ്ച് സെൻട്രൽ സ്റ്റേഷനുകളാണുള്ളത്: മുംബൈ സെൻട്രൽ, കാൺപൂർ സെൻട്രൽ, ചെന്നൈ സെൻട്രൽ, മാംഗ്ലൂർ സെൻട്രൽ, തിരുവനന്തപുരം സെൻട്രൽ.

ടെർമിനൽ അല്ലെങ്കിൽ ടെർമിനസ് (Terminal / Terminus)

ട്രെയിൻ സർവീസുകളുടെ സഞ്ചാരപാത അഥവാ റെയിൽവേ ട്രാക്കുകൾ അവസാനിക്കുന്ന സ്റ്റേഷനുകളാണ് ടെർമിനൽ അല്ലെങ്കിൽ ടെർമിനസ്. ഈ സ്റ്റേഷനുകൾക്ക് അപ്പുറത്തേക്ക് ട്രെയിനുകൾക്ക് മുന്നോട്ട് പോകാൻ ട്രാക്കുകൾ ഉണ്ടാകില്ല. അതിനാൽ, സ്റ്റേഷനിലേക്ക് പ്രവേശിച്ച അതേ ദിശയിലൂടെ മാത്രമേ ട്രെയിനുകൾക്ക് തിരികെ പുറപ്പെടാൻ സാധിക്കൂ. മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ്, ലോക്മാന്യ തിലക് ടെർമിനസ്,ബാന്ദ്ര ടെർമിനസ്,എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. കേരളത്തിൽ കൊച്ചിൻ ഹാർബർ ടെർമിനസ് ഉണ്ടെങ്കിലും നിലവിൽ ഇവിടെ യാത്രാ ട്രെയിൻ സർവീസുകളില്ല.

ജംഗ്ഷൻ (Junction)

​കുറഞ്ഞത് മൂന്ന് വ്യത്യസ്ത ദിശകളിലേക്ക് റെയിൽവേ ട്രാക്കുകൾ പിരിഞ്ഞുപോകുന്ന സ്റ്റേഷനുകളെയാണ് ‘ജംഗ്ഷൻ’ എന്ന് വിളിക്കുന്നത്. അതായത്, ട്രെയിനുകൾക്ക് വരാനും പോകാനും ചുരുങ്ങിയത് മൂന്ന് വഴികളെങ്കിലും ഈ സ്റ്റേഷനിൽ ഉണ്ടായിരിക്കും. ഹൗറ, പാറ്റ്ന, അലഹാബാദ്, ആഗ്ര കാണ്ട് എന്നിവ രാജ്യത്തെ പ്രധാന ജംഗ്ഷനുകളാണ്. കേരളത്തിൽ ഷൊർണൂർ, പാലക്കാട്, എറണാകുളം, കായംകുളം, കൊല്ലം എന്നിങ്ങനെ അഞ്ച് പ്രധാന റെയിൽവേ ജംഗ്ഷനുകളാണുള്ളത്.

You may also like