പൂനെ: പരീക്ഷാ ക്രമക്കേടുകളിലും നിയമന പരീക്ഷകളിലെ അപാകതകളിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 11-ന് പൂനെയിൽ വൻ പ്രതിഷേധത്തിനൊരുങ്ങി ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP). പാർട്ടി സ്ഥാപകനായ അഭിജീത് ദിപ്കെ (Abhijeet Dipke) പ്രതിഷേധ പരിപാടിയിൽ നേരിട്ട് പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച വൻ പ്രതിഷേധത്തിന് പിന്നാലെയാണ് മഹാരാഷ്ട്രയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പൂനെയിലേക്കും സമരം വ്യാപിപ്പിക്കാൻ സംഘടന തീരുമാനിച്ചത്.
ജൂൺ 11-ന് വൈകുന്നേരം 4 മണിക്ക് സാവിത്രിഭായ് ഫൂലെ പൂനെ സർവകലാശാലയ്ക്ക് (Savitribai Phule Pune University) മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. “നമുക്ക് പൂനെയിൽ കാണാം! മഹാരാഷ്ട്രയ്ക്ക് ജയ്!” എന്ന് അഭിജീത് ദിപ്കെ തന്റെ ഔദ്യോഗിക ‘എക്സ്’ (X) ഹാൻഡിലിലൂടെ കുറിച്ചു. മഹാരാഷ്ട്രയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പൂനെയിൽ വെച്ച് കോക്രോച്ചുകൾ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെടുമെന്നും, പൂനെയിലെ എത്ര കോക്രോച്ചുകൾ ഇതിൽ പങ്കാളികളാകുമെന്നും പാർട്ടിയുടെ ഔദ്യോഗിക പേജിലൂടെ ചോദിക്കുന്നു.
നേരത്തെ ജൂൺ 6-ന് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ, വിദ്യാഭ്യാസ മന്ത്രി സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ദിപ്കെ മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രമന്ത്രി രാജി വെക്കാത്ത പക്ഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജനറേഷൻ ഇസഡ് (Gen Z) യുവാക്കൾക്ക് മാത്രമായുള്ള ഈ പ്രസ്ഥാനം പൂർണ്ണമായും സമാധാനപരമാണെന്നും, അയൽരാജ്യങ്ങളായ നേപ്പാളിലോ ബംഗ്ലാദേശിലോ നടന്ന പ്രക്ഷോഭങ്ങളുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും ദിപ്കെ കൂട്ടിച്ചേർത്തു. യാതൊരുവിധ രാഷ്ട്രീയ പാർട്ടികളുമായും തങ്ങൾക്ക് ബന്ധമില്ലെന്നും സംഘടന വ്യക്തമാക്കുന്നുണ്ട്.