നവി മുംബൈ: നവി മുംബൈയിലെ ഉൽവേയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് നടത്തിവന്ന പെൺവാണിഭ സംഘത്തെ പോലീസ് തകർത്തു. പ്രമുഖ മലയാളിയും സാമൂഹിക പ്രവർത്തകനുമായ ഡോ. ബിനു എം. വർഗീസ് നൽകിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉൽവേ സെക്ടർ 19-ലെ ‘ലാ റെസിഡൻസ്’ (La Residence) കേന്ദ്രീകരിച്ച് പോലീസ് റെയ്ഡ് നടത്തിയത്. പെൺകുട്ടികളെ കടത്തുന്നതിനും ചൂഷണം ചെയ്യുന്നതിനുമെതിരെ നടന്ന ഈ നിർണ്ണായക ഓപ്പറേഷനിൽ 13-ഉം 17-ഉം വയസ്സുള്ള രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പോലീസ് സംഘം സുരക്ഷിതമായി രക്ഷപെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതാ ഏജന്റിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഡോ. ബിനു എം. വർഗീസിന്റെ ശക്തമായ ഇടപെടലുകൾ മൂലം മുൻപും സമാനമായ നിരവധി അനാശാസ്യ-മയക്കുമരുന്ന് സംഘങ്ങൾ നഗരത്തിൽ പോലീസിന്റെ പിടിയിലായിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിനായി ഉപഭോക്താക്കളിൽ നിന്ന് ഇരുപതിനായിരം (20,000) രൂപ വീതമാണ് ഈ വനിതാ ഏജന്റ് ഈടാക്കിയിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മനുഷ്യക്കടത്തും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും തടയുന്നതിന്റെ ഭാഗമായി ഉൽവേ പോലീസ് സ്റ്റേഷൻ പരിധിയിൽ അതീവ രഹസ്യമായാണ് ഈ പരിശോധന പൂർത്തിയാക്കിയത്.
പിടിയിലായ വനിതാ ഏജന്റിനെതിരെ അതീവ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകളായ 96, 98, 143(3), 143(5) എന്നിവയും, അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ (PITA Act) 3, 4, 5 വകുപ്പുകളും കേസിൽ ചുമത്തിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്ന പോക്സോ നിയമത്തിലെ (POCSO Act) 16, 17, 18 വകുപ്പുകളും, ജുവനൈൽ ജസ്റ്റിസ് ആക്റ്റിലെ (JJ Act) 81, 87 വകുപ്പുകളും പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഡി.സി.പി അമിത് കാലെയുടെ (സോൺ II) പ്രത്യേക മാർഗ്ഗനിർദ്ദേശപ്രകാരം സീനിയർ പി.ഐ അർജുൻ രാജാനെ, എ.പി.ഐ സുരേഷ് ഖരാത് എന്നിവരുടെ നേതൃത്വത്തിലുള്ള ഉൽവേ പോലീസ് സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.