മുംബൈ: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ അതിനിർണായക നാഴികക്കല്ല് പിന്നിട്ട് നിർമാണക്കമ്പനി. പദ്ധതിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ 21 കിലോമീറ്റർ ഭൂഗർഭ തുരങ്കത്തിന്റെ നിർമാണത്തിനായി രണ്ടാമത്തെ ഭീമൻ ടണൽ ബോറിങ് മെഷീന്റെ (TBM) ‘കട്ടർഹെഡ്’ വിജയകരമായി ഭൂമിക്കടിയിലേക്ക് ഇറക്കി. നവി മുംബൈയിലെ ഘാൻസോലിക്ക് സമീപമുള്ള സാവ്‌ലിയിലാണ് 350 ടൺ ഭാരമുള്ള ഈ ഭീമൻ കട്ടർഹെഡ് സ്ഥാപിച്ചത്.
തുരങ്കം തുരക്കുന്ന മെഷീന്റെ പ്രധാന കവചത്തിന്റെ (Main Shield) ആദ്യഘട്ട അസംബ്ലിങ് ഇതോടെ പൂർത്തിയായി. മെഷീന്റെ ബാക്കി ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്ന അന്തിമഘട്ട ജോലികളും കമ്മീഷനിങ് ട്രയലുകളും ഇപ്പോൾ പുരോഗമിക്കുകയാണ്. വരും ആഴ്ചകളിൽ ട്രയലുകൾ പൂർത്തിയാക്കി, ജൂലൈ ആദ്യവാരത്തോടെ ഈ മെഷീൻ ഉപയോഗിച്ചുള്ള തുരങ്ക നിർമാണ ജോലികൾ ഔദ്യോഗികമായി ആരംഭിക്കും. സാവ്‌ലി മുതൽ വിക്രോളി വരെയുള്ള ഭാഗമാണ് ഈ മെഷീൻ ഉപയോഗിച്ച് തുരക്കുക. ഇതേവാരം തന്നെ വിക്രോളിയിൽ ഒന്നാമത്തെ ടിബിഎമ്മിന്റെ കട്ടർഹെഡും വിജയകരമായി സ്ഥാപിച്ചിരുന്നു.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ഇന്നേവരെ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമേറിയ തുരങ്ക നിർമാണ യന്ത്രങ്ങളാണ് ഇവ രണ്ടും. ഒന്നിന് 3,000 ടണ്ണിലധികം ഭാരവും 95 മീറ്ററിലേറെ നീളവുമുണ്ട്. അപ്-ഡൗൺ ട്രെയിനുകൾക്ക് ഒരുമിച്ച് കടന്നുപോകാൻ സാധിക്കുന്ന തരത്തിൽ, ഒരൊറ്റ വലിയ തുരങ്കം നിർമിക്കാൻ പാകത്തിലാണ് ഈ കട്ടർഹെഡ് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 13.6 മീറ്റർ വ്യാസമുള്ള ഈ ഭീമൻ കട്ടർഹെഡിൽ കഠിനമായ പാറകളും മണ്ണും മുറിച്ചുമാറ്റാൻ ശേഷിയുള്ള 84 കട്ടർ ഡിസ്കുകളും 124 സ്ക്രാപ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്.
നിയന്ത്രിത സാഹചര്യങ്ങളിൽ മിനിറ്റിൽ 49 മില്ലിമീറ്റർ വരെ വേഗതയിൽ തുരക്കാൻ ശേഷിയുള്ള ഈ അത്യാധുനിക യന്ത്രങ്ങൾ, മുംബൈ പോലെ ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിൽ അതീവ സുരക്ഷിതമായും കൃത്യതയോടെയും വേഗത്തിലും തുരങ്ക നിർമാണം പൂർത്തിയാക്കാൻ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ഭൂഗർഭ പാതയുടെ നിർമാണം കൂടി വേഗത്തിലാകുന്നതോടെ രാജ്യം കാത്തിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ സർവീസ് യാഥാർത്ഥ്യത്തിലേക്ക് കൂടുതൽ അടുക്കുകയാണ്.