നവി മുംബൈ: ഡോംബിവ്‌ലിക്ക് സമീപമുള്ള ലോധ പലാവ സിറ്റിയിലെ (ഖോണി) ആഡംബര ഫ്ലാറ്റുകളിൽ നവി മുംബൈ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 24 നൈജീരിയൻ സ്വദേശികൾ കസ്റ്റഡിയിലായി. മതിയായ വിസയോ പാസ്‌പോർട്ടോ ഇല്ലാതെ ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്ന 19 പുരുഷന്മാരും 5 സ്ത്രീകളുമാണ് പിടിയിലായത്. പ്രദേശത്ത് വിദേശികൾ അനധികൃതമായി താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വൻ സന്നാഹത്തോടെയായിരുന്നു പൊലീസിന്റെ നീക്കം.
ഷിംപോളി, ഖോണി എന്നീ ഗ്രാമങ്ങളുടെ പരിധിയിലുള്ള ലോധ പല്ലവ സിറ്റിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് നവി മുംബൈ പൊലീസിന്റെ വിദേശ പൗരന്മാരെ നിരീക്ഷിക്കുന്ന പ്രത്യേക വിഭാഗവും (FOB), തലോജ പൊലീസും സംയുക്തമായാണ് പുലർച്ചെ റെയ്ഡ് നടത്തിയത്. കസ്റ്റഡിയിലായവരിൽ ഭൂരിഭാഗം പേരുടെയും വിസ കാലാവധി കഴിഞ്ഞ വർഷങ്ങളിൽ തന്നെ അവസാനിച്ചതാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. തുടർനടപടികൾക്കായി ഇവരെ തലോജ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
അനധികൃത താമസം കൂടാതെ, വിദേശികൾ ഇവിടുത്തെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പുകൾ ഉൾപ്പെടെയുള്ള മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് ആഴത്തിൽ അന്വേഷിക്കുന്നുണ്ട്. പിടിയിലായവർക്ക് കൃത്യമായ രേഖകളില്ലാതെ ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകിയ ഉടമകൾക്കെതിരെയും കർശന നിയമനടപടിയുണ്ടാകുമെന്ന് നവി മുംബൈ പൊലീസ് വ്യക്തമാക്കി. ഇവർക്കെതിരെ പാസ്‌പോർട്ട് ആക്ട്, ഫോറിനേഴ്‌സ് ആക്ട് എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.