മുംബൈ : മുംബൈയുടെ കുടിവെള്ള വിതരണ രംഗത്ത് വൻ മാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭാണ്ഡുപ്, പഞ്ച്രാപൂർ മേഖലകളിലെ അതിവിപുലമായ ജലശുദ്ധീകരണ പ്ലാന്റുകളുടെ നിർമാണവും പരിപാലനവും ഫ്രഞ്ച് ആസ്ഥാനമായ വെോളിയ കമ്പനിക്ക് ലഭിച്ചു. മുംബൈ നഗരത്തിന്റെ വർധിച്ചുവരുന്ന ജലാവശ്യങ്ങൾ മുന്നിൽ കണ്ടാണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പദ്ധതി നടപ്പാക്കുന്നത്.
പ്രതിദിനം 2,000 മില്യൺ ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള ഭാണ്ഡുപ് പ്ലാന്റും 910 മില്യൺ ലിറ്റർ ശേഷിയുള്ള പഞ്ച്രാപൂർ പ്ലാന്റുമാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. വെൽസ്പൺ എന്റർപ്രൈസസിന്റെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന പദ്ധതിയിൽ ‘വിയോളി’യ്ക്ക് സാങ്കേതിക ചുമതലയും 15 വർഷത്തെ പ്രവർത്തന-പരിപാലന ഉത്തരവാദിത്വവും ഉണ്ടാകും.
ഏഷ്യയിലെ ഏറ്റവും വലിയ ജലശുദ്ധീകരണ സമുച്ചയങ്ങളിലൊന്നായി അറിയപ്പെടുന്ന ഭാണ്ഡുപ് പ്ലാന്റിന്റെ സമഗ്ര നവീകരണവും പദ്ധതിയുടെ ഭാഗമാണ്. പഴയ സംവിധാനങ്ങൾ മാറ്റി അത്യാധുനിക ജലശുദ്ധീകരണ സാങ്കേതിക വിദ്യകൾ ഇവിടെ സ്ഥാപിക്കും. ജലത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനും വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുമുള്ള പുതിയ സംവിധാനങ്ങളും ഒരുക്കും.
2030 ഓടെ മുംബൈയുടെ കുടിവെള്ള ആവശ്യത്തിന്റെ വലിയൊരു വിഹിതം ഈ പ്ലാന്റുകൾ വഴി നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷ. നഗരത്തിന്റെ പഴക്കംചെന്ന ജലവിതരണ സംവിധാനത്തെ ആധുനികമാക്കുന്നതിൽ പദ്ധതി നിർണായകമാകുമെന്ന് ബിഎംസി അധികൃതർ വ്യക്തമാക്കി.