മഹാരാഷ്ട്രയിൽ വീണ്ടും പക്ഷിപ്പനി ഭീതി ശക്തമായി. നന്ദുർബാർ ജില്ലയിലെ നവാപൂർ മേഖലയിലാണ് വ്യാപക പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിനായി ലക്ഷക്കണക്കിന് കോഴികളെയും മുട്ടകളെയും അധികൃതർ നശിപ്പിച്ചു. രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് വൻതോതിലുള്ള നിയന്ത്രണ നടപടികളാണ് മേഖലയിൽ തുടരുന്നത്.
ബാധിത മേഖലയിലെ ഫാമുകൾ കേന്ദ്രീകരിച്ച് ഏകദേശം 19.3 ലക്ഷം പക്ഷികളെയും എട്ട് ലക്ഷം മുട്ടകളെയും നശിപ്പിച്ചതായാണ് റിപ്പോർട്ട്. രോഗവ്യാപനം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ ഒരു കിലോമീറ്റർ പരിധി നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. നിരവധി സംഘങ്ങളായി തിരിഞ്ഞാണ് മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഗുജറാത്ത് ഉൾപ്പെടെയുള്ള സമീപ സംസ്ഥാനങ്ങളിലേക്കുള്ള മുട്ട വിതരണം താൽക്കാലികമായി നിർത്തിവച്ചു. നവാപൂരിൽ നിന്നു മാത്രം പ്രതിദിനം ലക്ഷക്കണക്കിന് മുട്ടകളാണ് വിപണിയിലെത്തിയിരുന്നത്. ഇതോടെ കോഴിവളർത്തൽ മേഖലയിലും വ്യാപാര രംഗത്തും ആശങ്ക ശക്തമായി.
2006നും 2021നും ശേഷം മൂന്നാം തവണയാണ് നവാപൂരിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നത്. രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ കർശന ജാഗ്രത തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഫാമുകളിലെ കോഴികൾക്കും തീറ്റയ്ക്കും സംഭവിച്ച നഷ്ടത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.