മുംബൈ :മുംബൈയിൽ മറാത്തി നെയിംബോർഡുകൾ നിർബന്ധമാക്കിയ നിയമം ലംഘിച്ച ആയിരക്കണക്കിന് കടകൾക്കെതിരെ ബിഎംസിയുടെ നടപടി. മറാത്തി ഭാഷയിൽ ബോർഡുകൾ സ്ഥാപിക്കാത്ത 3,774 വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 1.91 കോടി രൂപ പിഴ ഈടാക്കി. നഗരത്തിലെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
2023 മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ 1.58 ലക്ഷം കടകളും സ്ഥാപനങ്ങളും ബിഎംസി പരിശോധിച്ചു. ഇതിൽ 5,020 സ്ഥാപനങ്ങളിലാണ് മറാത്തി ദേവനാഗരി ലിപിയിലുള്ള നെയിംബോർഡുകൾ ഇല്ലാതിരുന്നത് കണ്ടെത്തിയത്. മഹാരാഷ്ട്ര ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് നിയമവും സുപ്രീംകോടതി നിർദേശവും അനുസരിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളും മറാത്തി ഭാഷയിൽ നെയിംബോർഡ് പ്രദർശിപ്പിക്കണം.
മറാത്തി ഭാഷയിലെ എഴുത്തിനേക്കാൾ വലുതായി മറ്റ് ഭാഷകളിലെ അക്ഷരങ്ങൾ പ്രദർശിപ്പിക്കാനും അനുമതിയില്ലെന്ന് ബിഎംസി വ്യക്തമാക്കി. നിലവിൽ പ്രധാന റോഡുകളിലെ കടകളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജീവനക്കാരുടെ കുറവ് കാരണം ഉൾപ്രദേശങ്ങളിലെയും ചെറുകിട വ്യാപാര കേന്ദ്രങ്ങളിലെയും പരിശോധന പൂർണതോതിൽ നടന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
നിയമലംഘനം കണ്ടെത്തുന്ന കടയുടമകൾക്ക് എട്ട് ദിവസത്തിനകം മറാത്തി ബോർഡ് സ്ഥാപിച്ച് പിഴ അടച്ച് കേസ് അവസാനിപ്പിക്കാനുള്ള അവസരവും നൽകുന്നുണ്ട്. അതേസമയം, ബിഎംസിയുടെ നടപടി മതിയായതല്ലെന്ന് മഹാരാഷ്ട്ര നവനിർമാണ സേന വിമർശിച്ചു. കൂടുതൽ പരിശോധന സംഘങ്ങളെ നിയോഗിച്ച് നടപടി കർശനമാക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.