മുംബൈ: ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥിയെ മഹാരാഷ്ട്ര ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ജൈഷ്-എ-മുഹമ്മദ് (JeM) സംഘടനയുമായും ഐഎസിസ് (ISIS) ഭീകരസംഘടനയുമായും ഓൺലൈൻ ബന്ധം പുലർത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.
മുംബൈ സ്വദേശിയായ 21 വയസുകാരനായ വിദ്യാർത്ഥിയെയാണ് എടിഎസ് പിടികൂടിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീകരസംഘടനകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പങ്കുവെച്ചതും ചിലരുമായി ആശയവിനിമയം നടത്തിയതുമാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇയാളുമായി ബന്ധപ്പെട്ടതായി കരുതുന്ന ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉൾപ്പെടെ ചില ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ഇവ പരിശോധിച്ചപ്പോഴാണ് ഭീകരപ്രചാരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തിയതെന്ന് എടിഎസ് വ്യക്തമാക്കി.
സംഭവത്തിൽ യുഎപിഎ (UAPA) നിയമപ്രകാരം കേസെടുത്തു. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് എടിഎസ് അധികൃതർ അറിയിച്ചു.