മുംബൈ: ഡെലിവറി ജോലിക്കിടെ 69.74 ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങളുമായി ഡ്രൈവർ ഒളിവിൽ പോയതായി പരാതി. സംഭവത്തിൽ ബാന്ദ്ര–കുർളാ കോംപ്ലക്സ് (ബി.കെ.സി) പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഓപ്പറ ഹൗസിൽ പ്രവർത്തിക്കുന്ന എസ്.എം. സെക്യൂർ ലോജിസ്റ്റിക്സ് കമ്പനിയുടെ പങ്കാളിയായ മിതുൽ പട്ടേലാണ് പരാതി നൽകിയത്. മുംബൈയ്ക്കും സൂറത്തിനുമിടയിൽ വിലപിടിപ്പുള്ള ആഭരണങ്ങൾ സുരക്ഷിതമായി എത്തിക്കുന്ന സേവനമാണ് കമ്പനി നടത്തുന്നത്.
സൂറത്തിലെ ഒരു ജ്വല്ലറി സ്ഥാപനത്തിൽ നിന്ന് മുംബൈയിലെ വിവിധ കടകളിലേക്ക് അയച്ച പാർസലുകൾ ഫെബ്രുവരി 27-ന് മുംബൈയിൽ എത്തിയിരുന്നു. എന്നാൽ ഡെലിവറിക്കായി കൊണ്ടുപോയ ഡ്രൈവർ ഭവേഷ്കുമാർ പ്രജാപതി അന്ധേരിയിലെ രണ്ട് സ്ഥാപനങ്ങളിലേക്ക് നൽകേണ്ട ആറു പാർസലുകളുമായി മുങ്ങിയതായി പരാതിയിൽ പറയുന്നു.
ജിപിഎസ് പരിശോധനയിൽ വാഹനം ബാന്ദ്ര ഈസ്റ്റിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വജ്രാഭരണങ്ങളുമായി ഡ്രൈവർ രക്ഷപ്പെട്ടതായി പൊലീസ് കണ്ടെത്തി. പ്രതിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.