മിഡിൽ ഈസ്റ്റ് സംഘർഷം ; ഉംറ കഴിഞ്ഞ ഭിവണ്ടി സംഘം ദുബായിൽ കുടുങ്ങി

by WhatsUp Mumbai

മിഡിൽ ഈസ്റ്റിൽ സംഘർഷാവസ്ഥ ശക്തമായതോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ തടസപ്പെട്ടതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ നൂറുകണക്കിന് ഇന്ത്യക്കാർ കുടുങ്ങിയിരിക്കുകയാണ്.

ഭിവണ്ടി സ്വദേശികളായ നിരവധി ഉംറ തീർത്ഥാടകർക്കും മടങ്ങാനായിട്ടില്ല. സൗദി അറേബ്യയിലെ മക്കയും മദീനയും സന്ദർശിച്ച് തീർത്ഥാടനം പൂർത്തിയാക്കിയ ഇവർ മുംബൈയിലേക്ക് മടങ്ങുന്നതിനിടെ ദുബായിൽ ട്രാൻസിറ്റ് ചെയ്യുകയായിരുന്നു. എന്നാൽ കണക്റ്റിംഗ് വിമാനം റദ്ദാക്കിയതോടെ അവിടെ തന്നെ കുടുങ്ങി.

ഫെബ്രുവരി 20-നാണ് സംഘം തീർത്ഥാടനത്തിനായി പുറപ്പെട്ടത്. നിശ്ചയിച്ചിരുന്ന വിമാന സർവീസ് ലഭിക്കാതിരുന്നതോടെ അനിശ്ചിതത്വത്തിലാണ് ഇവരുടെ താമസം. നിലവിൽ പരിമിത കാലാവധിയുള്ള ട്രാൻസിറ്റ് വിസ മാത്രമാണ് കൈവശമുള്ളത്.

വിമാന സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുങ്ങിയവർ. കുടുംബാംഗങ്ങൾ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷിതമായി നാട്ടിലെത്താനുള്ള വഴി തെളിയണമെന്ന ആഗ്രഹത്തിലാണ് ഇവർ.

മിഡിൽ ഈസ്റ്റിലെ സാഹചര്യം സാധാരണ നിലയിലാകുന്നതുവരെ യാത്രാ തടസങ്ങൾ തുടർന്നേക്കുമെന്ന ആശങ്കയും ഉയരുകയാണ്.

You may also like