മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച (8) മീരാറോഡ് ഗുരു സെന്റർ, ഗുരുദേവഗിരി, വാഷി ഗുരു സെന്റർ എന്നിവിടങ്ങളിൽ ലോക വനിതാദിനം ആഘോഷിക്കും.
മീരാറോഡ്:
മന്ദിരസമിതി മീരാറോഡ്, ദഹിസർ, ഭയന്തർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 4 മുതൽ ഗുരുസെന്റർ ഓഡിറ്റോറിയത്തിൽ വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികളോടെ ആഘോഷങ്ങൾ ആരംഭിക്കും. 5 മുതൽ 7.30 വരെ സാംസ്കാരിക സമ്മേളനം നടക്കും.
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ഹെൽത്ത് കെയർ പ്രോഗ്രാം ഹെഡ് ഡോ. അശ്വതി പിള്ള മുഖ്യാതിഥിയായിരിക്കും. വനിതാവിഭാഗം കേന്ദ്രകമ്മിറ്റി സെക്രട്ടറി വിജയാ രഘുനാഥ്, സോണൽ കൺവീനർ വന്ദന സത്യൻ എന്നിവർ പങ്കെടുക്കും. 7.30 മുതൽ സർഗലയ ട്രൂപ്പ് അവതരിപ്പിക്കുന്ന സംഗീതവിരുന്നും ഉണ്ടാകും.
ഗുരുദേവഗിരി:
മന്ദിരസമിതി നെരൂൾ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ രാവിലെ 10.30 മുതൽ ഗുരുദേവഗിരിയിൽ ആഘോഷങ്ങൾ നടക്കും. വനിതാവിഭാഗം വാഷി സോണൽ കൺവീനർ മഞ്ജു പ്രേംകുമാർ അധ്യക്ഷത വഹിക്കും.
സുജാത പ്രസാദ്, ഉഷാ സോമൻ, വിജയമ്മ ശശിധരൻ എന്നിവർ ആശംസാപ്രസംഗം നടത്തും. ഷീബാ സുനിൽ സ്വാഗതവും ഗീതാ വിജയൻ നന്ദിയും പറയും. പരിപാടിയിൽ മുതിർന്ന വനിതകളെ ആദരിക്കും. കലാപരിപാടികളും ഉണ്ടാകും.
വാഷി:
മന്ദിരസമിതി വനിതാവിഭാഗം വാഷി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വാഷി സെക്ടർ 10ലെ റെയിൻബോ സൊസൈറ്റിയിലെ ഗുരുസെന്ററിൽ ഉച്ചയ്ക്ക് 2 മുതൽ ആഘോഷ പരിപാടികൾ നടക്കും.
സാമൂഹ്യപ്രവർത്തക അഡ്വ. പ്രേമ മേനോൻ മുഖ്യാതിഥിയായിരിക്കും. കലാപരിപാടികളും സമകാലിക വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചയും പരിപാടിയുടെ ഭാഗമായി നടക്കും.