താനെയിൽ മലയാളി യുവാവ് വിഷ്ണു നായർ കൊല്ലപ്പെട്ട സംഭവം: പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതം; സംസ്കാരം നടന്നു

by WhatsUp Mumbai

താനെ: മുംബൈ താനെയെ നടുക്കിയ മലയാളി യുവാവ് വിഷ്ണു നായരുടെ (31) കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കം പോലീസ് സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കി മടങ്ങുന്നതിനിടെയാണ് ഗുണ്ടാസംഘം പിന്തുടർന്ന് വിഷ്ണുവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ചെങ്ങന്നൂർ സ്വദേശിയായ വേണുഗോപാലിന്റെ മകനായ വിഷ്ണു കൊല്ലപ്പെട്ട വാർത്ത താനെയിലെ മലയാളി സമൂഹത്തെ വലിയ ദുഃഖത്തിലാഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

​ഇന്ന് പുലർച്ചെ 2.40 ഓടെ വർത്തക് നഗറിലെ ‘ഏക് പ്രേമാചാ ചഹാ’ ചായക്കടയ്ക്ക് സമീപം വെച്ചാണ്  ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത് . ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണു നിലത്തു വീണതോടെ പ്രതിയായ പ്രകാശ് മാരുതി തിഖെ (പക്യ)  കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.കൂടെയുണ്ടായിരുന്ന വിക്കി മർദ്ദിക്കുകയും ചെയ്തു. അക്രമിസംഘം വാളും കത്തികളും വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാൽ വിഷ്ണുവിന്റെ സുഹൃത്തുക്കൾക്ക് ഇടപെടാൻ കഴിഞ്ഞില്ലെന്നാണ് വിവരം.

തുടർന്ന് വർത്തക് നഗർ പോലീസ്  ഗുണ്ടാസംഘത്തിനെതിരെ കൊലപാതകക്കുറ്റം (BNS 103(1)) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സാഗർ ഗോണ്ടെയുടെ നേതൃത്വത്തിൽ ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

​പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വൈകുന്നേരം 6.15 ഓടെ വിഷ്ണുവിന്റെ ഭൗതികശരീരം വർത്തക് നഗറിലുള്ള വസതിയിൽ എത്തിച്ചു. താനെയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. തുടർന്ന് വൻ ജനവലിയുടെ സാന്നിധ്യത്തിൽ വാഗ്ലെ എസ്റ്റേറ്റ് ശ്മാശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.

You may also like