മുംബൈ: വെള്ളിത്തിരയിൽ ചിരിയുടെയും ചിന്തയുടെയും സുവർണ്ണയുഗം തീർത്ത സലിംകുമാറിന്റെ വിയോഗം മലയാളക്കരയെപ്പോലെ തന്നെ മുംബൈ മലയാളി സമൂഹത്തെയും ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. താരജാഡകളുടെ നിർമ്മിത പ്രഭാവമില്ലാതെ, സാധാരണക്കാരിൽ സാധാരണക്കാരനായി മഹാനഗരത്തിൽ വന്നിറങ്ങിയ ആ വലിയ കലാകാരന്റെ ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെക്കുകയാണ് മുംബൈയിലെ സാംസ്കാരിക രംഗത്തെ പ്രമുഖർ.
‘ആ പ്രതിഭയെ മലയാള സിനിമ പൂർണ്ണമായി പ്രയോജനപ്പെടുത്തിയില്ല’: മനോജ് മാളവിക
സലിംകുമാറിന്റെ അസാമാന്യമായ അഭിനയശേഷിയെ മലയാള സിനിമ പൂർണ്ണമായും പ്രയോജനപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് മുംബൈ നഗരത്തിലെ പ്രമുഖ സംഗീത പരിപാടികളുടെ സംഘാടകനായ മനോജ് മാളവിക അഭിപ്രായപ്പെടുന്നത്.

”കേവലം കോമഡി വേഷങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതിഭ. ഒരുപാട് വലിയ സംഭാവനകൾ കേരളത്തിന് നൽകിയ അദ്ദേഹത്തിന് ഇനിയും ഏറെ മികച്ച വേഷങ്ങൾ നൽകാമായിരുന്നു. ഒരു മികച്ച കലാകാരൻ എന്നതിലുപരി, വലിയൊരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. മുംബൈയിലെ മലയാളി സമൂഹവുമായി അത്രമേൽ അടുത്ത ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ചിരിയുടെയും ചിന്തയുടെയും ഒരു വലിയ കാലഘട്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ അവസാനിക്കുന്നത്,” മനോജ് മാളവിക പറഞ്ഞു.
’തരംഗണി മുംബൈ 2004′ ഉം അഭിയും ഞാനും: രാംദാസ് മേനോന്റെ ഓർമ്മകൾ
മുംബൈയിലെ പ്രമുഖ സാംസ്കാരിക-സംഗീത സംഘാടകനായ രാംദാസ് മേനോന് സലിംകുമാറുമായി വർഷങ്ങളുടെ ആത്മബന്ധമാണുള്ളത്. മുംബൈയിൽ ഒരുക്കിയ നിരവധി പ്രശസ്തമായ സംഗീത പരിപാടികളിൽ സലിംകുമാർ സജീവ സാന്നിധ്യമായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.

“2004-ൽ നടന്ന ‘തരംഗണി മുംബൈ’ (Tharangini Mumbai 2004) അവാർഡ് നൈറ്റിൽ വെച്ചാണ് സലിംകുമാറിന് മികച്ച ഹാസ്യനടനുള്ള പുരസ്കാരം നൽകി ആദരിച്ചത്. വേദികളിലെ ആ സൗഹൃദം പിന്നീട് വെള്ളിത്തിരയിലേക്കും വഴിമാറി. അദ്ദേഹം പ്രധാന വേഷത്തിലെത്തിയ ‘അഭിയും ഞാനും’ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളാകാൻ കഴിഞ്ഞത് ഈ സൗഹൃദത്തിന്റെ പുറത്താണ്. കലാരംഗത്തും സിനിമയിലും ഒരുപോലെ ലാളിത്യം കാത്തുസൂക്ഷിച്ച ആ സുവർണ്ണ നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഓർമ്മകളാണ്,” രാംദാസ് മേനോൻ അനുസ്മരിച്ചു.

ലക്ഷ്വറി ഹോട്ടലിലെ ‘നാടൻ ഡിമാൻഡും’ ബീഡിക്ക് വേണ്ടിയുള്ള പരിഭവവും: സുധീഷ് പി.
താരപ്പകിട്ടിന്റെ യാതൊരു കോട്ടവുമില്ലാതെ ജീവിച്ച സലിംകുമാറിന്റെ തനി നാടൻ സ്വഭാവത്തെക്കുറിച്ചാണ് നവിമുംബൈയിലെ ഒരു പരിപാടിയുടെ സംഘടകരിൽ ഒരാളായ സുധീഷ് പി. ഓർത്തെടുക്കുന്നത്. ഒരു പരിപാടിക്കായി എത്തിയപ്പോഴുള്ള രസകരമായ അനുഭവം അദ്ദേഹം പങ്കുവെച്ചു.
”നവിമുംബൈയിലെ ഒരു പരിപാടിക്കിടെ പെട്ടെന്നാണ് അദ്ദേഹം എന്നോട് ഒരു ബീഡി വേണമെന്ന് നിർബന്ധം പിടിച്ചത്. പെട്ടെന്ന് ബീഡി കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഒടുവിൽ പല സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടന്ന ശേഷമാണ് ബീഡി ഒപ്പിക്കാനായത്. അതുവരെ ബീഡി കിട്ടാത്തതിൽ പുള്ളി അല്പം പരിഭവം കാണിച്ചിരുന്നു.
നവിമുംബൈയിലെ പ്രശസ്ത ഹോട്ടലിലായിരുന്നു അദ്ദേഹത്തിന് താമസമൊരുക്കിയിരുന്നത്. എന്നാൽ അവിടുത്തെ ആഡംബര ഭക്ഷണങ്ങളൊന്നും തനിക്ക് വേണ്ടെന്നും, തനി നാടൻ ചോറും കറികളും വേണമെന്നും അദ്ദേഹം രണ്ട് ദിവസവും കടുംപിടുത്തം പിടിച്ചു. ഇത് ഞങ്ങളെ അല്പം കുഴക്കിയെങ്കിലും, വലിയ അത്ഭുതമാണ് ഉണ്ടാക്കിയത്.”
ഏതു വലിയ വേദികളിൽ സാന്നിധ്യമാകുമ്പോഴും ഉള്ളിൽ നാട്ടിൻപുറത്തിന്റെ തനിമയും ലാളിത്യയും കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്ന് സുധീഷ് കൂട്ടിച്ചേർത്തു. യാതൊരുവിധ താരജാഡകളുമില്ലാത്ത പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. ചിരിയിലൂടെയും ചിന്തയിലൂടെയും പ്രത്യാശ പകരുകയും ലളിതജീവിതം കൊണ്ട് മനുഷ്യരെ വിസ്മയിപ്പിക്കുകയും ചെയ്ത ആ പ്രതിഭയുടെ ഓർമ്മകളാണ് സലിംകുമാറിന്റെ വിയോഗവേളയിൽ മുംബൈ മലയാളി സമൂഹം പങ്കുവെക്കുന്നത്.