എണ്ണായിരത്തിലധികം ഡ്രൈവർമാരെ പരിസോധിച്ച് ആർ.ടി.ഒ; മറാഠി അറിയാത്തവർക്ക് ഒരു മാസം സമയം, ഇല്ലെങ്കിൽ 3 മാസത്തേക്ക് സസ്‌പെൻഷൻ!

by WhatsUp Mumbai

മുംബൈ: യാത്രാവേളകളിൽ തൃപ്തികരമായി മറാഠി സംസാരിക്കാൻ അറിയാത്ത ടാക്സി, ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്തുടനീളം 8,217 ഡ്രൈവർമാരെ പരിശോധിച്ചതിന്റെ ആദ്യദിനത്തിൽ മാത്രം 1,268 പേർക്കാണ് ആർ.ടി.ഒ നോട്ടീസ് നൽകിയത്. ഇതിൽ 604 പേർ മുംബൈ മെട്രോപൊളിറ്റൻ റീജിയണിൽ (MMR) നിന്നുള്ളവരാണ്.

ദാദർ അടക്കമുള്ള കേന്ദ്രങ്ങളിൽ ഫ്ലയിങ് സ്‌ക്വാഡുകൾ ഇറങ്ങി റൂട്ടുകൾ, വാടക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രായോഗിക ചോദ്യങ്ങൾ ചോദിച്ചായിരുന്നു പരിശോധന. ക്ലാസുകളിൽ പോയിട്ടും ഭാഷ വഴങ്ങിയില്ലെന്ന് നോട്ടീസ് ലഭിച്ച അരവിന്ദ് മൗര്യ എന്ന ടാക്സി ഡ്രൈവർ പറഞ്ഞു. ജോലിത്തിരക്ക് കാരണം പഠിക്കാൻ സാധിച്ചില്ലെന്നും ഇനി പഠിക്കുമെന്നും ഇക്ബാൽ അഹമ്മദ് എന്ന മറ്റൊരു ഡ്രൈവറും പ്രതികരിച്ചു.

നോട്ടീസ് ലഭിച്ചവർക്ക് മറാഠി പഠിക്കാൻ ഒരു മാസത്തെ സമയം നൽകും. ഇതിന്ശേഷവും ഭാഷ പഠിച്ചില്ലെങ്കിൽ ഡ്രൈവർമാരുടെ ബാഡ്ജ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും. ആരുടെയും ഉപജീവനമാർഗ്ഗം തടയാനല്ല, സംസ്ഥാനത്തിന്റെ ഭാഷയും സംസ്കാരവും സംരക്ഷിക്കാനാണ് നടപടിയെന്നും പരിശോധന സെപ്റ്റംബർ 30 വരെ തുടരുമെന്നും ഗതാഗത മന്ത്രി പ്രതാപ് സർനായിക് വ്യക്തമാക്കി. എന്നാൽ നിയമത്തിലെ ‘പ്രായോഗിക പരിജ്ഞാനം’ എന്നതിന് വ്യക്തമായ നിർവ്വചനമില്ലെന്ന് സേവാ സാരഥി ടാക്സി യൂണിയൻ നേതാവ് ഡി.എം. ഗോസാവി ചൂണ്ടിക്കാട്ടി.

You may also like