മുംബൈ: സംസ്ഥാനത്തെ സ്കൂളുകളിൽ ജങ്ക് ഫുഡുകൾക്ക് വിലക്കേർപ്പെടുത്തിയ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ (FDA) നടപടിയോടെ മുംബൈയിലെ സ്കൂൾ കാന്റീനുകളുടെ മെനു മാറി. എഫ്.ഡി.എ കമ്മീഷണർ തുക്കാരം മുണ്ഡെയുടെ നിർദ്ദേശപ്രകാരം വടാപാവു, സമോസ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കി പകരം ഇഡ്ഡലി, ദോശ, പോഹ, സംഭാരം (ചാസ്) എന്നിവ ഉൾപ്പെടുത്തി.
ആർച്ച്ഡയോസസൻ ബോർഡ് ഓഫ് എഡ്യുക്കേഷൻ (ABE) പ്രതിനിധി ഫാദർ ഫ്രാൻസിസ് സ്വാമി, പൂർണ്ണ പ്രജ്ഞ സ്കൂൾ പ്രിൻസിപ്പൽ അരുൺ ദുബെ, പൊദാർ എഡ്യുക്കേഷൻ നെറ്റ്‌വർക്ക് പ്രസിഡന്റ് സ്വാതി പോപ്പട്ട് വത്സ തുടങ്ങിയവർ തങ്ങളുടെ സ്ഥാപനങ്ങളിൽ ജങ്ക് ഫുഡ് പൂർണ്ണമായി ഒഴിവാക്കിയതായി വ്യക്തമാക്കി. സേക്രഡ് ഹാർട്ട് സ്കൂൾ, ഡി.എ.വി പബ്ലിക് സ്കൂൾ, ശ്രീ മാ വിദ്യാലയം എന്നിവയും പുതിയ നിർദ്ദേശം നടപ്പിലാക്കി.
സ്കൂളുകളിൽ സമീകൃതാഹാരം ഉറപ്പാക്കുന്ന 2020-ലെ ചട്ടങ്ങൾ കർശനമായി പാലിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. സ്കൂളുകളുടെ 50 മീറ്റർ ചുറ്റളവിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളുടെ (HFSS) വിൽപ്പന നിരോധിച്ചു. തുക്കാരം മുണ്ഡെയുടെ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ വകുപ്പും ബി.എം.സി.യും ചേർന്ന് 900 സ്കൂൾ പ്രതിനിധികൾക്കായി ബോധവൽക്കരണം നടത്തി. നടപടിയെ സ്വാഗതം ചെയ്ത ഇന്ത്യ വൈഡ് പാരന്റ്സ് അസോസിയേഷന്റെ അനുഭ സഹായ്, സ്കൂളിന് പുറത്തെ കച്ചവടക്കാർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടു.