മുംബൈ: മുംബൈ നഗരത്തിലെ പൊതു സ്ഥലങ്ങളും കളിക്കളങ്ങളും ബി.ജെ.പി ജനപ്രതിനിധികൾക്കും തങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുച്ഛവിലയ്ക്ക് വിറ്റഴിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ രംഗത്ത്. സർക്കാരിന്റെ ഈ ഭൂമി കച്ചവടത്തിനെതിരെ വരും ദിവസങ്ങളിൽ നടക്കുന്ന വൻ പ്രതിഷേധത്തിൽ രാഷ്ട്രീയ ഭേദമന്യേ അണിനിരക്കാൻ അദ്ദേഹം മുംബൈ നിവാസികളോട് അഭ്യർത്ഥിച്ചു.
നഗരത്തിലെ തന്ത്രപ്രധാനമായ പ്ലോട്ടുകൾ കുറഞ്ഞ തുകയ്ക്ക് കൈമാറാനാണ് നീക്കം നടക്കുന്നത്. പത്തു വർഷം മുൻപ് 550 കോടി രൂപ മൂല്യം കണക്കാക്കിയിരുന്ന അന്ധേരിയിലെ വിലപിടിപ്പുള്ള ഭൂമി, ഇപ്പോൾ ബി.ജെ.പി നേതാവിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന് പ്രതിവർഷം വെറും 21 ലക്ഷം രൂപ വാടകയ്ക്ക് നൽകാനാണ് ഫഡ്‌നാവിസ് തീരുമാനിച്ചിരിക്കുന്നതെന്ന് ആദിത്യ താക്കറെ ആരോപിച്ചു. കൂടാതെ, പ്രശസ്ത കായികതാരം നെവിൽ ഡിസൂസയുടെ പേരിലുള്ള ഫുട്ബോൾ മൈതാനം മാറ്റി കൺവെൻഷൻ സെന്ററാക്കാനും അതിന് ബി.ജെ.പി നേതാവിന്റെ പേര് നൽകാനും നീക്കമുണ്ട്.
ജൂഹു, ഡി.എൻ. നഗർ എന്നിവിടങ്ങളിലെ മ്ഹാഡയുടെ (MHADA) കൈവശമുള്ള നാല് ഏക്കർ സ്ഥലവും, അന്ധേരിയിലുള്ള 12 ഏക്കർ വിസ്തൃതിയുള്ള ഛത്രപതി ശിവജി മഹാരാജ് സ്പോർട്സ് കോംപ്ലക്സും സ്വകാര്യ പങ്കാളിത്തത്തോടെ പാട്ടത്തിന് നൽകാൻ നീക്കം നടക്കുന്നു. മുളുണ്ടിലെ കായിക സമുച്ചയം പെട്രോൾ പമ്പിനായി കൈമാറുന്നതിനെയും, നഗരത്തിലെ 22 ബെസ്റ്റ് (BEST) ബസ് ഡിപ്പോകൾ സ്വകാര്യവൽക്കരിക്കുന്നതിനെയും അദ്ദേഹം അതിരൂക്ഷമായി വിമർശിച്ചു.
മുംബൈയിലെ പൊതുസ്വത്തുക്കളെല്ലാം സ്വകാര്യ വ്യക്തികൾക്ക് കൈമാറാനാണ് ബി.ജെ.പിയുടെ ഭരണത്തിന് കീഴിൽ ബി.എം.സി (BMC) ശ്രമിക്കുന്നതെന്ന് ആദിത്യ താക്കറെ കുറ്റപ്പെടുത്തി. നഗരത്തിന്റെ പൊതു ഇടങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ പതാകകൾ ഒഴിവാക്കി ദേശീയപതാകയുമേന്തി ജനങ്ങളും കായിക പ്രേമികളും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതിഷേധത്തിൽ പങ്കുചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.