ഡോംബിവലിയിൽ വെച്ച് നവംബറിൽ വിവാഹം; വരനെ പരിചയപ്പെടുത്തി ഗായിക റിമി ടോമി

by WhatsUp Mumbai

മുംബൈ : ഗായിക റിമി ടോമി വീണ്ടും വിവാഹിതയാകുന്നു. നവംബറിൽ മുംബൈയിലെ  ഡോംബിവലിയിൽ വെച്ചാണ് വിവാഹം. വരന്റെ പേരുൾപ്പെടെയുള്ള വിവരങ്ങൾ റിമി തന്റെ പുതിയ യൂട്യൂബ് വ്ലോഗിലൂടെ പുറത്തുവിട്ടു.

മുംബൈ മലയാളിയായ ലിബിൻ മാത്യുവാണ് വരൻ. ബോഡി ബിൽഡറും ഫിറ്റ്നസ് ട്രെയ്നറുമായ ലിബിൻ റിമിയുടെ ഇപ്പോഴത്തെ കോച്ച് കൂടിയാണ്. വിവാഹക്ഷണക്കത്ത് പങ്കുവെച്ചുകൊണ്ടാണ് താരം പുതിയ വിശേഷം അറിയിച്ചത്.

മാർച്ച് 10-നാണ് ഇവർ ഫോണിൽ സംസാരിച്ചുതുടങ്ങിയത്. മാർച്ച് 14-ന് എടുത്ത ഫോട്ടോ പിന്നീട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അന്ന് നേരിൽ കാണുന്നതിന് മുൻപ് തന്നെ ഫോണിലൂടെ സംസാരിച്ച് ഇഷ്ടത്തിലായെന്നും അപ്പോൾ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായും റിമി വ്ലോഗിൽ വ്യക്തമാക്കി. ഒമ്പത് മാസം കൊണ്ട് പരസ്പരം കൂടുതൽ അടുത്തെന്നും ലിബിൻ കൂടെയുള്ളപ്പോൾ വലിയ സമാധാനവും പോസിറ്റിവിറ്റിയും അനുഭവപ്പെടുന്നുണ്ടെന്നും റിമി കൂട്ടിച്ചേർത്തു.

തന്റെ മുൻ ഭർത്താവിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളിലും റിമി പ്രതികരിച്ചു. മുൻ വിവാഹമോചനം പരസ്പര സമ്മതത്തോടെ എടുത്ത തീരുമാനമാണെന്നും അദ്ദേഹത്തിന് മികച്ചൊരു പങ്കാളിയെ ലഭിച്ചെന്നും അവർ സന്തോഷത്തോടെ ജീവിക്കുകയാണെന്നും റിമി പറഞ്ഞു. ഈ സമയത്ത് അദ്ദേഹത്തിന്റെ ഫോട്ടോയും വെച്ച് വെറുതെ കഥകൾ മെനയുന്നത് സങ്കടകരമാണെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം റിമി ടോമി ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ വരൻ ആരെന്ന് അന്ന് വെളിപ്പെടുത്തിയിരുന്നില്ല. ആ വിവരമാണ് ഇപ്പോൾ താരം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്.

You may also like