പൂനെ വ്യാജമദ്യ ദുരന്തം: 16 മരണം; അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിച്ച് ആഭ്യന്തര വകുപ്പ്, കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെന്ന് സൂചന!

by WhatsUp Mumbai

പൂനെ: പൂനെയിൽ 16 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തത്തിൽ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിച്ച് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ്. കർത്തവ്യവിലോപവും ഗുരുതരമായ അനാസ്ഥയും മുൻനിർത്തി മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതിന് പിന്നാലെ, മദ്യമാഫിയയും പ്രാദേശിക പോലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചുള്ള നിർണ്ണായക അന്വേഷണത്തിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർ. നിയമവിരുദ്ധ മദ്യവില്പനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൂനെ പോലീസ് കമ്മീഷണർ പ്രത്യേക നിർദ്ദേശം നൽകിയതോടെ പോലീസും എക്സൈസും സംയുക്തമായി സംസ്ഥാനവ്യാപകമായി റെയ്ഡുകൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് അറസ്റ്റിലായ വ്യാജമദ്യ മാഫിയ തലവൻ യോഗേഷ് വാങ്കടെയുമായി എന്തെങ്കിലും തരത്തിലുള്ള അവിശുദ്ധ സാമ്പത്തിക ബന്ധമുണ്ടോ എന്നതിനെക്കുറിച്ചാണ് ആഭ്യന്തര വകുപ്പ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്. പ്രദേശത്ത് ഇത്രയും വലിയ തോതിൽ അനധികൃതമായി വ്യാജമദ്യ വില്പന നടന്നിട്ടും അത് തടയുന്നതിൽ പ്രാദേശിക പോലീസ് പരാജയപ്പെട്ടത് പോലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന സംശയത്തിലാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജമദ്യം നിര്‍മ്മിച്ച് വിതരണം ചെയ്ത യോഗേഷ് വാങ്കടെയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് മാരകമായ മെത്തനോള്‍ കലര്‍ത്തിയ ഇരുന്നൂറിലധികം ലിറ്റര്‍ വ്യാജമദ്യവും പോലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. മുന്‍പും സമാനമായ രീതിയിൽ എക്സൈസ് പിടിയിലായിട്ടുള്ള ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. രാസപരിശോധനയിൽ മദ്യത്തിൽ മാരകമായ അളവിൽ മെത്തനോളിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ, ഇതിന്റെ ഉറവിടത്തെക്കുറിച്ചും ഇയാളുടെ മദ്യശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് പോലീസ് ഇപ്പോൾ ശേഖരിക്കുന്നത്.

ഹട്‌സ്പർ, പിമ്പിരി ചിഞ്ചുവാട്ട് എന്നീ മേഖലകളിൽ ഒന്നര ദിവസം മുൻപുണ്ടായ ദുരന്തത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 16 പേരാണ് മരണപ്പെട്ടത്. വ്യാജമദ്യം കഴിച്ച് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട നിരവധി ആളുകള്‍ക്ക് കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെടുകയും ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. നിലവില്‍ ഒട്ടേറെ പേര്‍ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പ്രദേശത്ത് മെഡിക്കൽ സംഘത്തിന്റെ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

You may also like