​”എസ്.ഐ.ആർ ഭവന സന്ദർശനം ഉറപ്പാക്കണം; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് മുംബൈ മലയാളി”

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന എസ്.ഐ.ആർ ഭവന സന്ദർശനം സംസ്ഥാനത്ത് പരക്കെ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾക്ക് മുംബൈ മലയാളിയുടെ നിവേദനം. വോട്ടർമാരുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി സെബാസ്റ്റ്യൻ തയ്യൂർ ആണ് പരാതി നൽകിയത്.

എസ്.ഐ.ആറിന്റെ രണ്ടാം ഘട്ടത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) വീടുകളിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ച് ഫോം പൂരിപ്പിച്ചു വാങ്ങണമെന്നാണ് ചട്ടമെങ്കിലും പലയിടത്തും ഇത് ലംഘിക്കപ്പെടുന്നതായാണ് ആക്ഷേപം. ബി.എൽ.ഒമാർ രാഷ്ട്രീയ പാർട്ടി ഓഫീസുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഇരുന്നുകൊണ്ട് വോട്ടർമാരോട് രേഖകളുമായി അങ്ങോട്ട് ചെല്ലാൻ ആവശ്യപ്പെടുകയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

എസ്.ഐ.ആർ പ്രക്രിയയെക്കുറിച്ച് പൂർണമായ അറിവില്ലാത്ത സാധാരണക്കാരായ വോട്ടർമാർക്ക് ബി.എൽ.ഒമാർ വീടുകൾ സന്ദർശിച്ചില്ലെങ്കിൽ വോട്ടവകാശം തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് നിവേദനത്തിൽ ഓർമ്മിപ്പിക്കുന്നു. ജൂൺ 30-ന് ആരംഭിച്ച അപേക്ഷാ സമർപ്പണം ജൂലൈ 29-നാണ് സമാപിക്കുന്നത്. തുടർന്ന് ഓഗസ്റ്റ് അഞ്ചിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

തൃശൂർ സ്വദേശിയായ സെബാസ്റ്റ്യൻ നിലവിൽ അംബർനാഥിലാണ് താമസം. വർളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സെബാസ്റ്റ്യൻ.

You may also like