മുംബൈ:അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്ന സ്ത്രീകൾക്ക് എല്ലാ സഹായങ്ങളും ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാക്കുന്ന മുംബൈയിലെ ആദ്യ ‘വൺ സ്റ്റോപ്പ് സെന്റർ’ (OSC) കാമ ആൻഡ് ആൽബ്ലെസ് ആശുപത്രിയിൽ ഉടൻ പ്രവർത്തനസജ്ജമാകും. തിങ്കളാഴ്ച ആശുപത്രി സന്ദർശിച്ച മഹാരാഷ്ട്ര വനിതാ ശിശുവികസന മന്ത്രി അദിതി തത്കരെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. തുഷാർ പാൽവെയ്ക്കൊപ്പമാണ് മന്ത്രി കേന്ദ്രത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിലൂടെ അടിയന്തര വൈദ്യസഹായം, കൗൺസിലിംഗ്, നിയമസഹായം, പോലീസ് സേവനം, ഫോറൻസിക് പരിശോധനകൾ എന്നിവ ഒരിടത്തു തന്നെ ലഭ്യമാക്കും. അടിയന്തര പരിചരണം ആവശ്യമുള്ളവർക്കായി 5 കിടക്കകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പൊതു ആശുപത്രികളെ അപേക്ഷിച്ച് പ്രത്യേക വനിതാ ആശുപത്രിയിലെ ഈ കേന്ദ്രം സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വബോധം നൽകുമെന്നും വിലയിരുത്തപ്പെടുന്നു.
സമീപപ്രദേശങ്ങളിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമായി ഉടൻ സൗജന്യ ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ആവശ്യത്തിന് മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കിയും ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിച്ചും ആശുപത്രിയിലെ സേവനങ്ങൾ സംസ്ഥാന സർക്കാർ കൂടുതൽ ശക്തമാക്കുമെന്നും, ആർക്കും സമയബന്ധിതമായ ചികിത്സ നിഷേധിക്കപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരും മുതിർന്ന മെഡിക്കൽ ഓഫീസർമാരും സന്ദർശനത്തിൽ പങ്കെടുത്തു.