എഫ്‌ഡിഎ നടപടിക്കെതിരെ പാൻ വ്യാപാരികളുടെ വൻ പ്രതിഷേധം; ആസാദ് മൈതാനത്ത് സംഗമിച്ച് ആയിരങ്ങൾ, മന്ത്രിക്കു നിവേദനം നൽകി

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ നടത്തുന്ന കർശന പരിശോധനകൾക്കെതിരെ സംസ്ഥാനത്തെ ആയിരക്കണക്കിന് പാൻ വ്യാപാരികൾ മുംബൈ ആസാദ് മൈതാനത്ത് വൻ പ്രതിഷേധം സംഘടിപ്പിച്ചു. ചെറുകിട വ്യാപാരികൾക്കെതിരെ ഐപിസി സെക്ഷൻ 328, മക്കോക്ക (MCOCA) തുടങ്ങിയ കഠിനമായ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

​ഏഴ് ലക്ഷത്തിലധികം പാൻ വിൽപനക്കാരെ പ്രതിനിധീകരിച്ച് ‘മഹാരാഷ്ട്ര പാൻ വ്യാപാരി മഹാസംഘ്’ ഭാരവാഹികൾ സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി നർഹരി സിർവാലിന് നിവേദനം സമർപ്പിച്ചു. കഠിനമായ നിയമനടപടികൾ പിൻവലിക്കുക, ഫ്ലേവേർഡ് പുകയില ഉൽപന്നങ്ങളുടെ നിരോധനം നീക്കുക, ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ പേരിൽ പോലീസ് നടത്തുന്ന പീഡനങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. പാൻ ഷോപ്പ് ഉടമകൾക്ക് 10 ലക്ഷം രൂപ വരെയുള്ള ഈടുരഹിത വായ്പ, കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി, ക്ഷേമ കോർപ്പറേഷൻ രൂപീകരണം എന്നീ ആവശ്യങ്ങളും ഇവർ മുന്നോട്ടുവെച്ചു.

വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും, ഇത്തരം കേസുകളിൽ ഐപിസി സെക്ഷൻ 328 ബാധകമല്ലെന്ന് രണ്ട് ഹൈക്കോടതികൾ വിധിച്ചിട്ടുള്ളതാണെന്നും മഹാസംഘ് സംസ്ഥാന പ്രസിഡന്റ് അജിത് സൂര്യവൻഷി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ വ്യാപാരികളിൽ നിന്നും വ്യത്യസ്തമായി മഹാരാഷ്ട്രയിലെ വ്യാപാരികളോട് മാത്രം വിവേചനം കാണിക്കരുതെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

You may also like