റെയിൽവേയുടെ ജൂലൈ സപ്രൈസ്; രണ്ടാമത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

by WhatsUp Mumbai

ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത് ‘വന്ദേ ഭാരത് സ്ലീപ്പർ’ ട്രെയിൻ സർവീസിന് ജൂലൈ 17-ന് തുടക്കമാകും. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള വീഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പുത്തൻ പ്രീമിയം ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ജലന്ധറിലെ പുനർവികസിപ്പിച്ച അത്യാധുനിക റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനവും അന്നേ ദിവസം പ്രധാനമന്ത്രി നിർവ്വഹിക്കും. ‘സന്ത് രവിദാസ് എക്സ്പ്രസ്’ എന്നാണ് പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന് പേരിട്ടിരിക്കുന്നത്.

ഉത്തർപ്രദേശിലെ വാരണാസിയെയും പഞ്ചാബിലെ അമൃത്‌സറിനടുത്തുള്ള ഛേഹർതയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ റൂട്ട്. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും ഇരുവശങ്ങളിലേക്കുമുള്ള സർവീസ്. ജോൻപൂർ സിറ്റി, സുൽത്താൻപൂർ, ലഖ്‌നൗ, ഷാജഹാൻപൂർ, ബറേലി, മൊറാദാബാദ്, സഹാരൻപൂർ, അംബാല കന്റോൺമെന്റ്, ലുധിയാന, ജലന്ധർ സിറ്റി, അമൃത്‌സാർ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. ട്രെയിനിന്റെ പ്രധാന അറ്റകുറ്റപ്പണികൾ ഛേഹർതയിൽ വെച്ചായിരിക്കും നിർവ്വഹിക്കുക.

ഛേഹർത – വാരണാസി (ട്രെയിൻ നമ്പർ 14624): ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 02:05-ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12:15-ന് വാരണാസിയിലെത്തും.

​വാരണാസി – ഛേഹർത (ട്രെയിൻ നമ്പർ 14623): വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ വൈകുന്നേരം 07:05-ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 05:10-ന് ഛേഹർതയിലെത്തും.

You may also like