മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിക്ക് പ്രൊഫ. എം.പി. മന്മഥൻ അക്ഷയ പുരസ്കാരം. അക്ഷയ പുസ്തകനിധി എബനേസർ എഡ്യൂക്കേഷണൽ അസോസിയേഷനുമായി സഹകരിച്ച് നൽകുന്ന പുരസ്കാരത്തിന് ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം. എം. ലീലാവതി, പ്രഭാവർമ്മ, പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങിയ വിധിനിർണ്ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ നൽകിയ മികവാർന്ന സേവനം പരിഗണിച്ച് എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രൻ, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എൻ. നന്ദകുമാർ, സൂറത്ത് കേരള കലാ സമിതി പ്രസിഡന്റ് സുരേഷ് പി. നായർ എന്നിവരെയും അക്ഷയ പുരസ്കാരത്തിനായി തിരഞ്ഞെടുത്തു.
സെപ്റ്റംബർ 26-ന് രാവിലെ 10 മണിക്ക് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ (BTH) നടക്കുന്ന എം.പി. മന്മഥൻ അനുസ്മരണ യോഗത്തിൽ വെച്ച് വി ഡി സതീശൻ പുരസ്കാര സമർപ്പണം നിർവ്വഹിക്കും. അക്ഷയ പുസ്തകനിധി പ്രസിഡന്റ് പായിപ്ര രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
അന്തരിച്ച പ്രൊഫ. എം.പി. മന്മഥൻ സ്ഥാപിച്ച അക്ഷയ പുസ്തകനിധിയുടെ രക്ഷാധികാരികൾ അക്കിത്തം, സുഗതകുമാരി, ഡോ. എം. ലീലാവതി എന്നിവരാണ്. കൂടുതൽ വിവരങ്ങൾക്ക് akshavapusthakanidhi@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 09447575156 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.