മുംബൈ വിമാനത്താവളത്തിൽ കുടുങ്ങിയ വിദ്യാർത്ഥിനിക്ക് കൈത്താങ്ങായി AIKMCC; മണിക്കൂറുകൾ നീണ്ട ഇടപെടലിൽ സുരക്ഷിതമായി നാട്ടിലെത്തിച്ചു

by WhatsUp Mumbai

മുംബൈ: രാജ്കോട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ കണക്ഷൻ വിമാനം നഷ്ടപ്പെട്ട് പരിഭ്രാന്തിയിലായ വിദ്യാർത്ഥിനിക്ക് കൈത്താങ്ങായി AIKMCC മഹാരാഷ്ട്ര പ്രവർത്തകർ. കടുത്ത മാനസിക സമ്മർദ്ദത്തിലായ വിദ്യാർത്ഥിനിയെയും അമ്മയെയും മണിക്കൂറുകൾ നീണ്ട ഇടപെടലുകൾക്കൊടുവിൽ അവർ സുരക്ഷിതമായി കൊച്ചിയിലെത്തിച്ചു.

സെപ്റ്റംബർ 7-നാണ് രാജ്കോട്ടിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ രവതി നായർ എന്ന വിദ്യാർത്ഥിനി മുംബൈയിലെത്തിയത്. കോഴിക്കോട്ടേക്കുള്ള വിമാനം നഷ്ടപ്പെടുകയും മകളെ ഫോണിൽ കിട്ടാതാവുകയും ചെയ്തതോടെ ആശങ്കയിലായ മാതാവ് നിഷാ നായർ നാട്ടിലുള്ള വൈറ്റ് ഗാർഡ് വോളന്റിയർ ക്യാപ്റ്റൻ ഷഫീഖുമായി ബന്ധപ്പെട്ടു. ഇദ്ദേഹം വിവരം ഉടൻതന്നെ AIKMCC മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂറിനെ അറിയിക്കുകയായിരുന്നു.

​കെ.പി. അബ്ദുൽ ഗഫൂർ അക്ബർ ട്രാവൽസിലെ കിഷോറിനെ വിമാനത്താവളത്തിലേക്ക് ബന്ധപ്പെടുകയും, അഞ്ച് മിനിറ്റിനകം കിഷോർ വിദ്യാർത്ഥിനിയെ കണ്ടെത്തുകയും ചെയ്തു. കോഴിക്കോട്ടേക്ക് വിമാനമില്ലാത്തതിനാൽ ഇൻഡിഗോ ഗ്രൗണ്ട് മാനേജ്‌മെന്റുമായി സംസാരിച്ച് ടിക്കറ്റ് കൊച്ചിയിലേക്ക് മാറ്റുകയും വിദ്യാർത്ഥിനിയെ ബോർഡ് ചെയ്യിക്കുകയും ചെയ്തു.

എന്നാൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന വിദ്യാർത്ഥിനി വിമാനത്തിനുള്ളിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ക്രൂ അംഗങ്ങളോട് മോശമായി പ്രതികരിക്കുകയും ചെയ്തതിനെ തുടർന്ന് എയർപോർട്ട് ഡി.എം.ഒ ഉൾപ്പെടെയുള്ളവർ ഇടപെട്ടു. കൊച്ചിയിൽ അമ്മ കാത്തുനിൽക്കുന്നത് ചൂണ്ടിക്കാട്ടി യാത്രയ്ക്ക് അനുമതി അഭ്യർത്ഥിച്ചെങ്കിലും, വിമാനം ഒരു മണിക്കൂറോളം വൈകിയതോടെ ക്യാപ്റ്റൻ ഇടപെട്ട് വിദ്യാർത്ഥിനിയെ വിമാനത്തിൽ നിന്ന് പുറത്തിറക്കുകയായിരുന്നു.

തുടർന്ന് അമ്മ മുംബൈയിലെത്താൻ നിർദേശിക്കുകയും, സെപ്റ്റംബർ 8-ന് രാവിലെ മുംബൈയിലെത്തിയ മാതാവ് നിഷാ നായരെയും മകളെയും വൈകുന്നേരത്തെ വിമാനത്തിൽ കൊച്ചിയിലേക്ക് സുരക്ഷിതമായി യാത്രയാക്കുകയുമായിരുന്നു.

വിദ്യാർത്ഥിനി വിമാനത്താവളത്തിൽ കഴിയുന്നത്രയും സമയം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി AIKMCC മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂർ ഒപ്പമുണ്ടായിരുന്നു. AIKMCC സബർമൻ സെക്രട്ടറി കബീർ, സാകിനാക്ക കോയാക്ക എന്നിവർ ഭക്ഷണമെത്തിച്ചു നൽകിയപ്പോൾ, പി.വി. കുഞ്ഞബ്ദുള്ള വാട്ട്സ്ആപ്പ് വഴി നിരന്തരം വിവരങ്ങൾ അന്വേഷിച്ചു. AIKMCC മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ ആവശ്യമായ നിർദേശങ്ങൾ നൽകി. അക്ബർ ട്രാവൽസിലെ കിഷോറും എയർപോർട്ട് സ്റ്റാഫും മറ്റ് പ്രവർത്തകരും സഹായങ്ങൾ ഏകോപിപ്പിച്ചു. മകളെ സുരക്ഷിതമായി നാട്ടിലെത്തിച്ചതിന് മാതാവ് നിഷാ നായർ AIKMCC നേതൃത്വത്തിനും സഹായിച്ചവർക്കും നന്ദി അറിയിച്ചു.

You may also like