മഹാഡ്: മഹാഡ് മലയാളി സമാജത്തിന്റെ 28-ാമത് വാർഷികവും ഓണാഘോഷ പരിപാടികളുമായ ‘ഒന്നിച്ചോണം പൊന്നോണം 2026’ ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 26 വരെ സമാജം ഹാളിൽ വെച്ച് നടക്കും. ആഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ കലാമത്സരങ്ങൾ ഓഗസ്റ്റ് 15-നാണ് ആരംഭിക്കുന്നത്.
ഓഗസ്റ്റ് 15-ന് കുട്ടികൾക്കും യൂത്തിനും വേണ്ടിയുള്ള ചിത്രരചന, ഉറിയടി മത്സരങ്ങൾ നടക്കും. 16-ന് കവിത പാരായണം, ഓണപ്പാട്ട് (കുട്ടികൾ, യൂത്ത്, മുതിർന്നവർ), മുതിർന്നവർക്കുള്ള ലളിതഗാനം എന്നിവയും 23-ന് കുട്ടികൾക്കും യൂത്തിനും വേണ്ടിയുള്ള ദേശഭക്തിഗാനം, ക്വിസ് മത്സരങ്ങളും അരങ്ങേറും. തുടർന്ന് സെപ്റ്റംബർ 13-ന് യൂത്തിനും മുതിർന്നവർക്കുമായി പാചകമത്സരവും അന്താക്ഷരിയും, സെപ്റ്റംബർ 20-ന് എല്ലാവർക്കുമായി ആർട്ട് & ക്രാഫ്റ്റ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബർ 26-ന് വൈകിട്ട് 5 മണിക്ക് ആഘോഷ പരിപാടികൾക്ക് തുടക്കമാകും. വൈകിട്ട് 7-ന് നടക്കുന്ന സമാജത്തിന്റെ 28-ാം വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് സി. പി. സുധാകരൻ അധ്യക്ഷത വഹിക്കും. പ്രശസ്ത എഴുത്തുകാരൻ പി. കെ. മാധവൻ എറണാകുളം, കൊങ്കൺ യാത്ര വേദി മഹാരാഷ്ട്ര ചീഫ് കോഡിനേറ്റർ കെ. വൈ. സുധീർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഡാൻസ്, സ്ത്രീകളുടെ കൈകൊട്ടിക്കളി, പുരുഷന്മാരുടെ തിരുവാതിര, ഗാനമേള എന്നിവയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ബൈനു പി. ജോർജ് അറിയിച്ചു.