നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘എൻ.ബി.കെ.എസ് ഓണം 2026’ ബാനുശാലി വാടി ഹാളിൽ ആഘോഷിച്ചു. ചെണ്ടമേളത്തോടെ മാവേലിയെ സ്വീകരിച്ചാണ് ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്.
സമാജം പ്രസിഡന്റ് കെ. എ. കുറുപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വാഗതം ആശംസിച്ചു. നോർക്ക ഡെവലപ്മെന്റ് ഓഫീസർ ആർ. ബി. അരുൺ മുഖ്യാതിഥിയായിരുന്നു. എൻ.എം.എം.സി. കോർപ്പറേറ്റർ നേത്ര ഷിർക്കെ, വിവിധ മലയാളി-സഹോദര സംഘടനാ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
മഹിളാ വിംഗിന്റെ കൈകൊട്ടിക്കളി, കുട്ടികളുടെ കലാപരിപാടികൾ, ക്ലാസിക്കൽ നൃത്താവിഷ്കാരങ്ങൾ, യൂത്ത് വിംഗ് അവതരണങ്ങൾ, ‘പാട്ടരങ്ങ്’ വേദിയുടെ ഗാനാവതരണം എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.

എസ്.എസ്.സി., എച്ച്.എസ്.സി., മലയാള മിഷന്റെ നീലക്കുറിഞ്ഞി പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ഇൻഡോർ മത്സര വിജയികളെയും അനുമോദിച്ചു. ആവേശകരമായ വടംവലി മത്സരത്തിൽ ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ച് (നെരൂൾ) ഒന്നാം സ്ഥാനവും ജി. ആൻഡ് ബി. ഇലക്ട്രിക്കൽസ് രണ്ടാം സ്ഥാനവും നേടി. ഉറിയടി മത്സരവും നടന്നു.
കലാസമിതി കൺവീനർ എം. പി.ആർ. പണിക്കർ നന്ദി പറഞ്ഞു.