അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കാനുള്ള ആഗ്രഹം ദുരന്തത്തിൽ അവസാനിച്ചു; ഐഫോൺ തർക്കമല്ലെന്ന് കുടുംബം; ഛത്രപതി സംഭാജിനഗറിലെ മൂന്ന് മരണങ്ങളിൽ പുതിയ വെളിപ്പെടുത്തൽ

by WhatsUp Mumbai

മുംബൈ : മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഖാവ്ദ കുന്നിൻമുകളിൽ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. അച്ഛൻ മുരളിധർ ചാന്ദ്ഗുഡെയും അമ്മ സംഗീതയും തമ്മിലുള്ള ഭിന്നതകൾ അവസാനിപ്പിച്ച് അവരെ ഒന്നിപ്പിക്കാനാണ് 19-കാരനായ മകൻ കുനാൽ ചാന്ദ്ഗുഡെ ആഗ്രഹിച്ചിരുന്നതെന്നും പുതിയ ഐഫോൺ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമല്ല സംഭവത്തിന് പിന്നിലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

സ്വത്ത് തർക്കം ഉൾപ്പെടെയുള്ള കുടുംബ പ്രശ്നങ്ങളാണ് കുടുംബത്തെ ബാധിച്ചിരുന്നതെന്ന് സംഗീതയുടെ ബന്ധുക്കൾ പറഞ്ഞു. പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ 82 ശതമാനം മാർക്ക് നേടി വിജയിച്ച കുനാൽ എംബിബിഎസ് പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. എന്നാൽ മാതാപിതാക്കൾ തമ്മിലുള്ള അകൽച്ച കുനാലിനെ ഏറെ അലട്ടിയിരുന്നു.

തിങ്കളാഴ്ച രാവിലെ കുന്നിൻമുകളിലെത്തിയ കുനാൽ ജീവനൊടുക്കാൻ തുനിഞ്ഞപ്പോൾ രക്ഷപ്പെടുത്താനായി പോലീസും അഗ്നിശമന സേനയും നാട്ടുകാരും മാതാപിതാക്കളും മൂന്ന് മണിക്കൂറോളം ശ്രമിച്ചു. 300 അടിയോളം ഉയരമുള്ള മലഞ്ചെരുവിൽ നിന്ന കുനാലിനെ രക്ഷിക്കാൻ അച്ഛൻ മുരളിധർ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരുടെയും നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. ഭർത്താവും മകനും താഴേക്ക് വീഴുന്നത് കണ്ട നിമിഷത്തിൽ അമ്മ സംഗീതയും കുന്നിൻമുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

നേരത്തെ ഐഫോൺ വാങ്ങിനൽകാത്തതിനെ തുടർന്നാണ് കുനാൽ കുന്നിൻമുകളിലേക്ക് കയറിയതെന്ന വാദം ഉയർന്നിരുന്നെങ്കിലും പോലീസ് ഇത് തള്ളി. കുനാലിന്റെയും അമ്മയുടെയും പക്കൽ നിലവിൽ ഐഫോൺ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുടുംബത്തിനുള്ളിലെ ദീർഘകാലമായുള്ള ഭിന്നതകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

You may also like