ഒരേ കുടുംബത്തിലെ നാലുപേരുടെ മരണം; മുംബൈയിൽ ദുരൂഹതയുണർത്തി ഫോറൻസിക് റിപ്പോർട്ട്

by WhatsUp Mumbai

മുംബൈ : മുംബൈയിലെ പൈധോണിയിൽ ഒരേ കുടുംബത്തിലെ നാലുപേരുടെ ദുരൂഹ മരണത്തിൽ അന്വേഷണം കൂടുതൽ ഗൗരവതരമാകുന്നു. വീട്ടിൽ നിന്ന് കണ്ടെത്തിയ എലിനാശിനി വിഷരഹിതമായ ഹെർബൽ ഉൽപ്പന്നമാണെന്ന് കണ്ടെത്തിയെങ്കിലും, മരിച്ചവരുടെ ശരീരാവശിഷ്ടങ്ങളിലും തണ്ണിമത്തൻ സാമ്പിളിലും അതീവ മാരകമായ ‘സിങ്ക് ഫോസ്ഫൈഡ്’ വിഷാംശം സ്ഥിരീകരിച്ചതോടെയാണ് കേസിൽ പുതിയ ദുരൂഹത ഉയർന്നത്.

അബ്ദുള്ള ദോകാഡിയ, ഭാര്യ നസ്രീൻ, മക്കളായ ആയിഷ, സൈനബ് എന്നിവരാണ് സംഭവത്തിൽ മരിച്ചത്. ഫോറൻസിക് പരിശോധനയിൽ നാലുപേരുടെയും ശരീരാവയവ സാമ്പിളുകളിലും വയറിലെ ദ്രവങ്ങളിലും വീട്ടിൽ നിന്ന് ശേഖരിച്ച തണ്ണിമത്തൻ കഷണങ്ങളിലും സിങ്ക് ഫോസ്ഫൈഡ് സാന്നിധ്യം കണ്ടെത്തി. സാധാരണയായി എലിവിഷമായി ഉപയോഗിക്കുന്ന അതീവ അപകടകാരിയായ രാസവസ്തുവാണ് ഇത്.

സംഭവത്തിന് പിന്നാലെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത എലിനാശിനി ദ്രാവകത്തിലാണ് ആദ്യം സംശയം ഉയർന്നത്. എന്നാൽ പരിശോധനയിൽ അത് വിഷാംശമില്ലാത്ത ഹെർബൽ ഉൽപ്പന്നമാണെന്ന് വ്യക്തമായി. പെപ്പർമിന്റ് അടങ്ങിയ പ്രകൃതിദത്ത എലി നിയന്ത്രണ ദ്രാവകമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പിന്നീട് വീട്ടിൽ നിന്ന് പിടിച്ചെടുത്ത മറ്റൊരു എലി നിയന്ത്രണ ഉൽപ്പന്നത്തിലും മാരക വിഷാംശം കണ്ടെത്താനായിട്ടില്ല.

സംഭവദിവസം ബന്ധുക്കളുമൊത്ത് വിരുന്നിൽ പങ്കെടുത്ത ശേഷം കുടുംബാംഗങ്ങൾ രാത്രി വീട്ടിലെത്തി തണ്ണിമത്തൻ കഴിച്ചതായി പൊലീസ് കണ്ടെത്തി. പിന്നാലെ നാലുപേർക്കും ശക്തമായ ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തണ്ണിമത്തനിലേക്ക് സിങ്ക് ഫോസ്ഫൈഡ് എങ്ങനെ എത്തിയെന്നതാണ് ഇപ്പോൾ അന്വേഷണത്തിലെ നിർണായക ചോദ്യമായി മാറിയിരിക്കുന്നത്. ആത്മഹത്യയോ, ആസൂത്രിത കൊലപാതകമോ, അബദ്ധത്തിൽ ഉണ്ടായ വിഷബാധയോ എന്നിങ്ങനെ എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ കുടുംബത്തിന് വ്യക്തിപരമായ വൈരാഗ്യമോ സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിരുന്നുവെന്ന തെളിവുകൾ ഇതുവരെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.

You may also like