മുംബൈയിൽ കനത്ത ചൂട് തുടരുന്നതിനിടെ നഗരത്തിൽ അഗ്നിബാധ സംഭവങ്ങൾ വർധിക്കുന്നതായി ആശങ്ക. കഴിഞ്ഞ ദിവസങ്ങളിലായി താമസ കെട്ടിടങ്ങൾ, കടകൾ, ഗോഡൗണുകൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിരന്തരമായി തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബി.എം.സി യും മുംബൈ ഫയർ ബ്രിഗേഡും പ്രത്യേക ജാഗ്രതാ നിർദേശം പുറത്തിറക്കി.
താപനില ഉയരുന്നതിനൊപ്പം വൈദ്യുതി ഉപകരണങ്ങളുടെ അമിത ഉപയോഗവും ഷോർട്ട് സർക്യൂട്ടുമാണ് തീപിടിത്തങ്ങൾ വർധിക്കാൻ പ്രധാന കാരണങ്ങളെന്ന് ഫയർ ബ്രിഗേഡ് വ്യക്തമാക്കി. പ്രത്യേകിച്ച് എയർ കണ്ടീഷണറുകൾ, ഫാനുകൾ, ഫ്രിഡ്ജുകൾ തുടങ്ങിയ ഉപകരണങ്ങൾ ദീർഘസമയം തുടർച്ചയായി പ്രവർത്തിപ്പിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.
പഴകിയ വൈദ്യുതി വയറുകൾ, അനധികൃത കണക്ഷനുകൾ, സുരക്ഷാ പരിശോധനകളില്ലാത്ത ഇലക്ട്രിക് സംവിധാനങ്ങൾ എന്നിവ ഉടൻ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കെട്ടിടങ്ങളിലെ ഫയർ സേഫ്റ്റി സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണോയെന്ന് ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള വഴികൾ തടസരഹിതമായി സൂക്ഷിക്കണമെന്നും ബി.എം.സി ആവശ്യപ്പെട്ടു.
ഗ്യാസ് സിലിണ്ടറുകൾ, രാസവസ്തുക്കൾ, എളുപ്പത്തിൽ തീപിടിക്കാവുന്ന സാധനങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഫയർ ബ്രിഗേഡ് ഓർമ്മിപ്പിച്ചു. ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് വഴിവെക്കാമെന്ന മുന്നറിയിപ്പും അധികൃതർ നൽകി.
ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിലും അഗ്നിബാധ സാധ്യത ഉയർന്നിരിക്കാമെന്നാണ് വിലയിരുത്തൽ. പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്നും അപകടസാധ്യത കണ്ടാൽ ഉടൻ ഫയർ ബ്രിഗേഡിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.