മൺസൂൺ മുന്നൊരുക്കം വേഗത്തിൽ; 50 ശതമാനം മാലിന്യ നീക്കം പൂർത്തിയാക്കി ബി.എം.സി

by WhatsUp Mumbai

മൺസൂൺ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുംബൈയിൽ മാലിന്യ നീക്ക പ്രവർത്തനങ്ങൾ വേഗത്തിലാക്കി ബി.എം.സി. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരത്തിലെ, ഗട്ടറുകൾ,നാളങ്ങൾ, എന്നിവ ശുചീകരിക്കുന്ന പ്രവൃത്തികളുടെ ഏകദേശം 50 ശതമാനം ഇതിനകം പൂർത്തിയായതായി കോർപ്പറേഷൻ അറിയിച്ചു.

മെയ് 31നകം മുഴുവൻ ചെളിനീക്ക പ്രവർത്തനങ്ങളും പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ മേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ പുരോഗമിക്കുന്നത്. മുംബൈയിലെ പ്രധാന നീരൊഴുക്ക് പാതകളായ മിഠി നദി, വലിയ നാളങ്ങൾ, റോഡരികിലെ ഡ്രെയിനുകൾ എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

മഴക്കാലത്ത് പതിവായി വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങൾ പ്രത്യേകം നിരീക്ഷണത്തിലാണ്. ശക്തമായ മഴയ്ക്കിടെ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ നീരൊഴുക്ക് സുഗമമാക്കുന്നതിനായാണ് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നത്.

ഈ വർഷം നിശ്ചയിച്ചിരുന്ന മാലിന്യ നീക്ക ലക്ഷ്യത്തിന്റെ പകുതിയിലേറെ ഇതിനകം പൂർത്തിയായതായി ബി.എം.സി അധികൃതർ വ്യക്തമാക്കി. ശേഷിക്കുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്.

അതേസമയം, ചില മേഖലകളിൽ പ്രവർത്തനങ്ങൾ ഇനിയും മന്ദഗതിയിലാണെന്ന വിമർശനവും ഉയരുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിലുണ്ടായ മഴക്കെടുതിയും രൂക്ഷമായ വെള്ളക്കെട്ടും മുൻനിർത്തി ഇത്തവണ മുൻകരുതൽ നടപടികൾ കാര്യക്ഷമമാക്കണമെന്ന ആവശ്യവും ശക്തമാണ്.

You may also like