മുംബൈ: അനധികൃതമായി മുംബൈയിൽ താമസിച്ചിരുന്ന 25 ബംഗ്ലാദേശ് പൗരന്മാരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 12 വനിതകളാണ്.വേഴ്സോവയിൽ നടത്തിയ പ്രത്യേക പരിശോധനാ നടപടിയിലൂടെയാണ് ഇവരെ പിടികൂടിയത്.
അന്ധേരി വെസ്റ്റിലെ യാരി റോഡ്–യാരി നഗർ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെ ആവശ്യമായ തിരിച്ചറിയൽ രേഖകളില്ലാതെയാണ് ഇവർ താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അറസ്റ്റിലായവരോട് വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവരെ നഗരത്തിലേക്ക് എത്തിക്കാൻ സഹായിച്ചവർ ആരൊക്കെയാണെന്ന്, വ്യാജ രേഖകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുംബൈയിൽ അനധികൃതമായി താമസിച്ചിരുന്ന 1,758 ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരിൽ 1,238 പേരെ ഇതിനകം തന്നെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചു. ശേഷിക്കുന്നവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.
നഗരത്തിൽ അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടി തുടരുമെന്നും പരിശോധന ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.